സോപാന സംഗീതജ്ഞൻ ഞെരളത്ത് രാമപ്പൊതുവാളിന്റെ ജീവിതകഥ സിനിമയാക്കുന്നു. ഒടുവിൽ ഉണ്ണികൃഷ്‌ണനാണ് ഞെരളത്തായി ബിഗ് സ്‌ക്രീനിൽ നിറയുന്നത്. അനീഷ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കാവ്യം’ എന്നാണ് പേരിട്ടിരിക്കുന്നത്. ഞെരളത്തിന്റെ പുത്രനും സോപാന സംഗീതജ്ഞനുമായ ഹരിഗോവിന്ദനാണ് തിരക്കഥ രചിക്കുന്നത്.
യുവനിരയിലെ ശ്രദ്ധേയ താരങ്ങളായ സുനിലും ഭാവനയും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. നെടുമുടി വേണു, സോന നായർ എന്നിവരും ‘കാവ്യ’ത്തിലെ പ്രധാന താരങ്ങളാണ്.
അടൂർ ഗോപാലകൃഷ്‌ണന്റെ ‘നിഴൽക്കൂത്തി’നുശേഷം ഒടുവിലിനു ലഭിക്കുന്ന മികച്ച വേഷമാണ് ഈ ചിത്രത്തിലേത്. ഐ.വി. ശശി സംവിധാനം ചെയ്‌ത ദേവാസുരത്തിൽ സോപാന സംഗീതജ്ഞനായി ഒടുവിൽ വേഷമിട്ടിട്ടുണ്ട്. ഞെരളത്തിനെ മനസ്സിൽ കണ്ട് രഞ്ഞ്‌ജിത്ത് സൃഷ്‌ടിച്ച ഈ കഥാപാത്രം ചുരുക്കം സീനുകളിൽ മാത്രം രംഗത്തെത്തുന്നുളളൂവെങ്കിലും ഒടുവിലിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായി. ‘ദേവാസുര’ത്തിൽ ഒടുവിലിനു വേണ്ടി സോപാനശൈലിയിൽ ‘വന്ദേ മുകുന്ദ ഹരേ…’ എന്ന ഗാനം പാടിയത് പ്രശസ്‌ത സംഗീത സംവിധായകൻ എം.ജി.രാധാകൃഷ്‌ണനാണ്.
Generated from archived content: cinema4_jan11_06.html Author: cini_vision