സൂപ്പർതാര ചിത്രങ്ങൾ അണിയറയിൽ

സൂപ്പർതാരങ്ങൾക്കുവേണ്ടി തൂലിക ചലിപ്പിക്കുന്നതിന്റെ തിരക്കിലാണ്‌ മലയാളത്തിലെ മുൻനിര തിരക്കഥാകൃത്തുക്കൾ. ജോഷിയുടെ ‘നസ്രാണി’യിൽ മമ്മൂട്ടിക്കുവേണ്ടി ശക്തമായ കഥാപാത്രത്തെ മെനഞ്ഞെടുത്ത കഥാപാത്രത്തെ രഞ്ജിത്‌ മോഹൻലാലിനുവേണ്ടി ‘റോക്ക്‌ ൻ റോൾ’ പൂർത്തിയാക്കുകയാണ്‌.

‘ലങ്ക’യിലൂടെ സംവിധായകപദവി നേടിയ എ.കെ സാജൻ മോഹൻലാലിനുവേണ്ടി ആദ്യമായി തിരക്കഥ ചമക്കുന്നതിന്റെ ത്രില്ലിലാണ്‌. ശ്രീ ഉത്രട്ടാതി ഫിലിംസിന്റെ ബാനറിൽ ശശി അയ്യഞ്ചിറ നിർമിക്കുന്ന ഈ സിനിമ ഷൂട്ടിംഗിനു മുമ്പേ ശ്രദ്ധേയമാകുകയാണ്‌.

സൂപ്പർതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി അഞ്ചു കഥാപാത്രങ്ങളെയാണ്‌ ടി.എ ഷാഹിദ്‌ മെനഞ്ഞെടുക്കുന്നത്‌. ജ്യേഷ്‌ഠൻ ടി.എ റസാക്ക്‌ ‘തീപ്പെട്ടി ചന്ദ്രൻ’ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ സൃഷ്ടിയിലാണ്‌.

‘ഭരത്‌ചന്ദ്രൻ ഐ.പി.എസി’ലൂടെ സംവിധാന രംഗത്തെത്തിയ രൺജിപണിക്കർ മമ്മൂട്ടിക്കുവേണ്ടി പുതിയ ചിത്രം രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. അൻവർ റഷീദ്‌-മമ്മൂട്ടി ടീം വീണ്ടും അണിനിരക്കുന്ന ചിത്രത്തിന്റെ രചനാ ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ്‌ മുൻനിര തിരക്കഥാകൃത്ത്‌ ബെന്നി പി. നായരമ്പലം.

മോഹൻലാലിനെവച്ച്‌ പുതിയ ചിത്രം എടുക്കാനുള്ള നീക്കത്തിലാണ്‌ തിരക്കഥാകൃത്തുകൂടിയായ ബി. ഉണ്ണികൃഷ്ണൻ.

അനുഗ്രഹീത എഴുത്തുകാരനായ എം.ടി വാസുദേവൻ നായർ നീണ്ട ഇടവേളയ്‌ക്കുശേഷം രചന നിർവ്വഹിച്ച പഴശ്ശിരാജയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്‌.

സൂപ്പർഹിറ്റ്‌ ചിത്രം ‘സ്‌ഫടിക’ത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഭദ്രൻ-ലാൽ ടീം വീണ്ടുമൊന്നിക്കുന്നു. സൂപ്പർതാരത്തിനുവേണ്ടി കഥയെഴുതുന്ന തിരക്കിലാണിപ്പോൾ സംവിധായകൻ. കമേഴ്‌സ്യൽ ചേരുവകകൾ വച്ച്‌ ഒരു പണംവാരിപ്പടം നിർമ്മിക്കാൻ ഭദ്രൻ തീരുമാനിച്ചുകഴിഞ്ഞു. ഈ ടീം ഒന്നിച്ച ‘ഉടയോൻ’ വൻപരാജയമായിരുന്നു എന്ന തിരിച്ചറിവാണ്‌ ഭദ്രനെ കമേഴ്‌സ്യൽ ചിത്രമെടുക്കാൻ നിർബന്ധിതനാക്കിയിരിക്കുന്നത്‌. അതേസമയം സ്‌ഫടികത്തിന്റെ തമിഴ്‌ റീമേക്ക്‌ സംവിധാനം ചെയ്യുന്നത്‌ സുന്ദർ സിയാണ്‌. അജിത്താണ്‌ നായകവേഷം കൈകാര്യം ചെയ്യുന്നത്‌.

അമ്മച്ചിത്രത്തിന്റെ തിരക്കഥാ ജോലികളിലേർപ്പെട്ടിരിക്കുകയാണ്‌ വിജയചിത്രങ്ങളുടെ ശിൽപികളായ ഉദയ്‌കൃഷ്ണ-സിബി കെ.തോമസ്‌ ടീം. സൂപ്പർതാരങ്ങളെല്ലാം ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്‌.

Generated from archived content: cinema4_aug7_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here