നീണ്ട ഇടവേളയ്‌ക്കുശേഷം ശ്രദ്ധേയമായേക്കാവുന്ന കഥാപാത്രമായി വേഷമിട്ട് സീമ സിനിമയിൽ തിരിച്ചെത്തുന്നു. എം. എ നിഷാദ് ‘പകലിനു’ശേഷം സംവിധാനം ചെയ്യുന്ന ‘നഗരം’ എന്ന ചിത്രത്തിലാണ് സീമ അഭിനയിക്കുന്നത്. ഏതാനും സ്‌ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ് നഗരം. ചിന്താമണി അമ്മാൾ എന്ന ബ്രാഹ്‌മണ വീട്ടമ്മയായി സീമ പ്രത്യക്ഷപ്പെടുന്നു. നഗരമാലിന്യങ്ങൾ നിക്ഷേപിക്കാനായി തിരഞ്ഞെടുക്കപ്പെട്ട ശിവപുരം ഗ്രാമത്തിലെ അന്തേവാസിയാണിവർ. പപ്പടക്കച്ചവടക്കാരിയായ ചിന്താമണി അമ്മാൾ പലിശയ്‌ക്ക് പണം കടം കൊടുത്തും ഉപജീവനം നടത്തുന്നു. തന്റേടിയാണെങ്കിലും ഗ്രാമവാസികൾക്കൊക്കെ പ്രിയങ്കരിയാണവർ. സദാസമയവും ടൂവീലറിൽ സഞ്ചരിക്കുന്ന ഈ കഥാപാത്രം സീമയ്‌ക്ക് തുണയായേക്കും. ഉദയൻ അനന്തന്റെ ‘പ്രണയകാല’ത്തിൽ മുരളിയുടെ ഭാര്യാവേഷമാണ്.
രഞ്ജിത് സംവിധാനം ചെയ്ത ‘പ്രജാപതി’യിലൂടെയാണ് സീമ ഒടുവിൽ മലയാളി പ്രേക്ഷകർക്കു മുന്നിലെത്തിയത്. തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെ വെല്ലുവിളിയോടെ ഏറ്റെടുത്തിട്ടും പ്രജാപതിയുടെ പരാജയം തിരിച്ചടിയായി. നെഗറ്റീവ് ടച്ചുള്ള റോളിൽ പ്രത്യക്ഷപ്പെട്ട സിനിമയിൽ മമ്മൂട്ടിയായിരുന്നു നായകൻ. പിന്നീട് സിനിമകളും സീരിയലുകളും കുറഞ്ഞു. ഇതിനിടെ ഒരു ടെലിവിഷൻ സീരിയൽ സംവിധാനം ചെയ്തെങ്കിലും ഷൂട്ടിംഗ് പാതിവഴിയിൽ മുടങ്ങി. ഒന്നിലധികം തവണ മികച്ച നടിക്കുള്ള സംസ്ഥാനതല അംഗീകാരം നേടിയ സീമ അമ്മവേഷങ്ങളിൽ ടൈപ്പാവുകയാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജോഡിയായി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള സീമ ഇപ്പോൾ സൂപ്പർതാര ചിത്രങ്ങളിൽ അമ്മ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
Generated from archived content: cinema4_apr9_07.html Author: cini_vision