മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് യുവഗായകർ വീണ്ടും പിടിമുറുക്കുന്നു. വിഷുച്ചിത്രങ്ങളായി മലയാളികൾക്കു മുന്നിലെത്തിയ സൂപ്പർതാര സിനിമകൾ വിജയത്തിലേക്ക് കുതിക്കുന്നത് പുതുതലമുറയുടെ ശബ്‌ദസാന്നിധ്യം കൊണ്ടുകൂടിയാണ്. ‘രസതന്ത്ര’ത്തിലെ ഗാനങ്ങൾ മഞ്ഞ്‌ജരിക്കും ‘തുറുപ്പുഗുലാനി’ലെ ഗാനം വിനീത് ശ്രീനിവാസനും വീണ്ടും ബ്രേക്കായിരിക്കുകയാണ്.
ചെറിയ കാലയളവിനുളളിൽ ഇളയരാജയുടെ ഇഷ്‌ടഗായികയായിത്തീർന്ന മഞ്ഞ്‌ജരി പാടിയ ‘ആറ്റിൻകരയോരത്ത്’ ഹിറ്റ് ചാർട്ടിൽ ഇടം തേടിക്കഴിഞ്ഞു. മീരാ ജാസ്‌മിന് അനുയോജ്യമായ ശബ്‌ദമായാണ് മഞ്ഞ്‌ജരി ഗണിക്കപ്പെടുന്നത്. മധു ബാലകൃഷ്‌ണനൊപ്പം പാടിയ ‘പൊന്നാവണിപ്പാടവും’ മഞ്ഞ്‌ജരിയുടെ സ്വരമാധുരിയുടെ ഉദാഹരണങ്ങളാണ്. അർധശാസ്‌ത്രീയഗാനങ്ങളും നാടോടിശൈലിയുളളവയും ഒരേപ്പോലെ പാടി ഫലിപ്പിക്കുന്നതാണ് ഈ യുവഗായികയുടെ കരുത്ത്.
തുറുപ്പുഗുലാനിലെ ‘പിടിയാന പിടിയാന….’ എന്നു തുടങ്ങുന്ന അടിപൊടിഗാനമാണ് വിനീതിനെ ശ്രദ്ധേയനാക്കിയിരിക്കുന്നത്. മമ്മൂട്ടിക്കുവേണ്ടി ശബ്‌ദനിയന്ത്രണത്തോടെയാണ് യുവഗായകൻ പാടിയിരിക്കുന്നത്. സൂപ്പർതാരങ്ങൾപോലും പുതുതലമുറയുടെ ശബ്‌ദത്തിനനുസരിച്ച് ചുണ്ടനക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ‘ചാന്തുപൊട്ടി’ൽ വിദ്യാസാഗർ ഈണമിട്ട ‘ഓമനപ്പുഴ കടപ്പുറത്ത്….’, ഉദയനാണ് താരം, നരൻ എന്നിവക്കുവേണ്ടി ദീപക് ദേവ് ഒരുക്കിയ ‘കരളേ….’, ‘അമ്മപ്പുഴയുടെ….’ എന്നീ ഗാനങ്ങളിലൂടെയാണ് വിനീത് മലയാളികളുടെ മനം കവർന്നത്. പുതുതലമുറയിൽ ശ്രദ്ധേയനായ അലക്‌സ്‌പോൾ ആണ് വിനീതിനെ തുറുപ്പുഗുലാനിലേക്ക് ക്ഷണിച്ചത്. വെല്ലുവിളികൾ ഉയർത്താത്ത ഗാനങ്ങളാണ് നടൻ ശ്രീനിവാസന്റെ സീമന്തപുത്രനായ വിനീതിന് അധികവും ലഭിക്കുന്നത്. പാടാൻ ശ്രമകരമല്ലാത്തതിനാൽ അവ പെട്ടെന്ന് ജനപ്രിയങ്ങളുമാകുന്നു.
താരങ്ങളുടെ ഇമേജിനനുസരിച്ച് യുവഗായകർ ആലാപനശൈലി മാറ്റുന്നത് ഒരു വിഭാഗം ചലച്ചിത്രഗാന ആസ്വാദകരിൽ പ്രതിഷേധം ഉണർത്തിയിട്ടുണ്ട്.
Generated from archived content: cinema4_apr26_06.html Author: cini_vision