മീരാജാസ്‌മിൻ സിബിമലയിലിന്റെ നായിക

സിബി മലയിൽ സംവിധാനം ചെയ്യുന്ന നായികാപ്രധാനമായ സിനിമയിൽ മീരാജാസ്‌മിൻ മുഖ്യ കഥാപാത്രമാകുന്നു. സിബിയുടെ ചിത്രത്തിൽ ആദ്യമായാണ്‌ മീര പ്രത്യക്ഷപ്പെടുന്നത്‌. മറ്റു നായികമാരിൽ നിന്ന്‌ ഏറെ വ്യത്യസ്‌തത പുലർത്തുന്ന മീര, മികച്ച വേഷങ്ങൾ ലഭിക്കുമ്പോൾ അന്യഭാഷകളിലെ തിരക്കെല്ലാം മാറ്റിവെച്ച്‌ സഹകരിക്കുന്നത്‌ ചലച്ചിത്ര വൃത്തങ്ങളിൽ സംസാരവിഷയമാണ്‌. കഥാചർച്ചകൾ പുരോമഗിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും മറ്റു നടീനടന്മാരെയും നിശ്ചയിച്ചിട്ടില്ല. ജയരാജിന്റെ ‘അശ്വാരൂഢ’ന്റെ ചിത്രീകരണ മികവിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ട വേണുഗോപാലാണ്‌ ക്യാമറ കൈകാര്യം ചെയ്യുന്നത്‌. ഭാസുരചന്ദ്രൻ മോഹൻലാലിനുവേണ്ടി തയ്യാറാക്കിയ തിരക്കഥയും സിബിക്ക്‌ സിനിമയാക്കാനുണ്ട്‌.

സ്ര്തീ കഥാപാത്രങ്ങൾക്ക്‌ വേണ്ടത്ര പരിഗണന നൽകുന്ന മലയാളി സംവിധായകരിൽ മുമ്പനാണ്‌ സിബിമലയിൽ. എഴുതാപ്പുറങ്ങൾ, ആകാശദൂത്‌, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്‌ലഹേം എന്നിവ ഇക്കൂട്ടത്തിൽ പ്രധാനങ്ങളാണ്‌. ‘പ്രണയവർണങ്ങളി’ലെ ആരതി നായരും ‘സമ്മർ ഇൻ ബത്‌ലഹേമി’ലെ അഭിരാമിയും മഞ്ഞ്‌ജുവാര്യരുടെ അഭിനയശേഷി ചൂഷണം ചെയ്‌ത കഥാപാത്രങ്ങളാണ്‌. ഈ ഗണത്തിൽ പെടുത്താവുന്ന വേഷമാണ്‌ പുതിയ ചിത്രത്തിൽ മീരക്കുവേണ്ടി മാറ്റിവെച്ചിട്ടുളളതത്രെ. മലയാള സിനിമയിൽ പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാകുന്നത്‌ പ്രേക്ഷകർക്ക്‌ ആശ്വാസം പകരുന്ന വാർത്തയാണ്‌.

Generated from archived content: cinema3_sept2_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here