ലാൽ ഒരുക്കുന്ന ചിത്രം ഇനി അടുത്ത വർഷം

ഓണച്ചിത്രങ്ങൾ സൂപ്പർഹിറ്റായതിന്റെ ത്രില്ലിലാണ്‌ നിർമ്മാതാവും നടനുമായ ലാൽ. ‘ചാന്തുപൊട്ടി’ന്റെ നിർമ്മാതാവ്‌, ‘ഭരത്‌ചന്ദ്രൻ ഐ.പി.എസി’ന്റെ വിതരണക്കാരൻ എന്നീ നിലകളിൽ വൻ വിജയമാണ്‌ ഈ ചലച്ചിത്രകാരന്‌ നേടാനായത്‌. നിർമ്മിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകളാക്കാൻ കഴിഞ്ഞത്‌ പ്രേക്ഷകരുടെ പൾസ്‌ അറിഞ്ഞ്‌ ചിത്രങ്ങൾ ഒരുക്കുന്നതിനാലാണെന്ന്‌ ലാൽ പറയുന്നു.

വൻവിജയങ്ങൾക്കു നടുവിലും അൽപകാലം നിർമ്മാണരംഗത്തുനിന്നും വിട്ടുനിൽക്കാനാണ്‌ ലാലിന്റെ തീരുമാനം. ചാന്ത്‌പൊട്ടിനെ തുടർന്ന്‌ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം നവംബറിലാണ്‌ ആരംഭിക്കുന്നത്‌. തുടരെത്തുടരെ ചിത്രങ്ങൾ ഒരുക്കിയ ലാൽ ഒരു വർഷം വിട്ടുനിൽക്കുന്നത്‌ മലയാള സിനിമയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം. അഭിനേതാവ്‌, നിർമ്മാതാവ്‌ എന്നീ ഉത്തരവാദിത്തങ്ങൾ ഒന്നിച്ചുകൊണ്ടുപോകുക ശ്രമകരമാണെന്ന്‌ സമ്മതിക്കുന്ന ലാൽ ഇടവേളകളിൽ സിനിമ നിർമ്മാണത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ്‌ ഗാഢമായി ചിന്തിക്കുന്നത്‌. തിരക്കഥ ആവശ്യപ്പെടുന്ന രീതിയിൽ പണമിറക്കി സിനിമ നിർമ്മിച്ച രീതിയിലും ഇദ്ദേഹം മാറ്റം വരുത്തുകയാണ്‌. ആദ്യം ബഡ്‌ജറ്റ്‌ നിശ്ചിച്ച്‌ പിന്നീട്‌ മാത്രം കഥയും താരങ്ങളെയും തീരുമാനിക്കുന്ന രീതിയാണ്‌ വരുംകാല ചിത്രങ്ങളിൽ പിന്തുടരാൻ പോകുന്നത്‌.

നിർമ്മാതാവ്‌ എന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന ലാൽ തനിക്കിണങ്ങുന്ന വേഷങ്ങൾ മാത്രമാണ്‌ ഇപ്പോൾ സ്വീകരിക്കുന്നത്‌. ‘ചാന്തുപൊട്ടി’ൽ ദിലീപിന്റെ അച്‌ഛനായി തിളങ്ങിയ ലാലിനെ കേന്ദ്രകഥാപാത്രമാക്കി സിനിമ നിർമ്മിക്കാനെത്തിയ പ്രൊഡ്യൂസറെ അടുത്തിടെ നിരാശനാക്കിയിരുന്നു. നിർമ്മിച്ച ചിത്രങ്ങളിലൊന്നും നായകനാകാൻ റിസ്‌ക്‌ എടുക്കാത്ത ലാൽ ലിങ്കുസ്വാമിയുടെ ‘ചണ്ടക്കോഴി’ എന്ന തമിഴ്‌ ചിത്രം പൂർത്തിയാക്കി കഴിഞ്ഞു. സിദ്ദിഖിന്റെ ‘എങ്കൾ അണ്ണ’യാണ്‌ ആദ്യ തമിഴ്‌ ചിത്രം.

‘നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്‌’ എന്ന ചിത്രത്തിൽ ഫാസിലിന്റെ സംവിധായക സഹായിയായി സിനിമാജീവിതം തുടങ്ങിയ ലാൽ ഇന്ന്‌ മറ്റൊരു ചലച്ചിത്രകാരനും എത്താൻ കഴിയാത്ത ദൂരത്താണ്‌ നിലയുറപ്പിച്ചിട്ടുളളത്‌.

Generated from archived content: cinema3_nov2_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here