മമ്മൂട്ടിയുടെ ഇംഗ്ലീഷ്‌ സിനിമയിൽ നീതുചന്ദ്ര നായിക

വനിതാ സംവിധായിക ഒരുക്കുന്ന ഇംഗ്ലീഷ്‌ സിനിമയിൽ മമ്മൂട്ടി നായകനാകുന്നു. നവാഗതയായ എസ്‌. കാർത്തിക രചനയും സംവിധാനവും നിർവഹിക്കുന്ന ‘ദി ലേറ്റ്‌ നൈറ്റ്‌ ബെഗർ’ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്‌. സൂപ്പർതാരം ഡോ. വർമ്മ എന്ന കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന ചിത്രത്തിൽ ‘ഗരം മസാല’ ഫെയിം നീതു ചന്ദ്ര നായികയാകുന്നു. തുല്യപ്രാധാന്യമുള്ള റോളിൽ രോഹിണിയുമുണ്ട്‌. കറുത്തപക്ഷികളിൽ മമ്മൂട്ടിയുടെ അന്ധയായ മകളായി വേഷമിട്ട ബേബി മാളവിക ശ്രദ്ധേയമായ റോളിലെത്തുന്ന സിനിമ ചലച്ചിത്രോത്സവങ്ങൾ ലക്ഷ്യംവെച്ചാണ്‌ നിർമ്മിക്കുന്നതത്രെ. ഇരുപതുദിവസം കൊണ്ട്‌ ഷൂട്ടിംഗ്‌ പൂർത്തിയാക്കുന്ന സിനിമയ്‌ക്ക്‌ മമ്മൂട്ടി 5 ദിവസത്തെ ഡേറ്റ്‌ നൽകിക്കഴിഞ്ഞു. മഹാബലിപുരത്ത്‌ അടുത്തമാസം ഷൂട്ടിംഗ്‌ ആരംഭിക്കും.

കമേഴ്‌സ്യൽ ചിത്രങ്ങൾക്കൊപ്പം ഓഫ്‌ബീറ്റ്‌ സിനിമകളിലും സഹകരിക്കാനാണ്‌ സൂപ്പർതാരത്തിന്റെ തീരുമാനം. ജോഷി-രഞ്ജിത്ത്‌ ടീം ഒന്നിക്കുന്ന ‘നസ്രാണി’യാണ്‌ മമ്മൂട്ടിയുടെ വരുംകാല ബിഗ്‌ബജറ്റ്‌ ചിത്രങ്ങളിൽ ഒന്ന്‌. മധ്യതിരുവിതാംകൂറുകാരനായ പ്ലാന്ററായി സൂപ്പർതാരം വേഷംമാറുന്ന സിനിമയിൽ രണ്ടു നായികമാരുണ്ട്‌. കാവ്യാ മാധവൻ ആദ്യമായി മമ്മൂട്ടിയുടെ ജോഡിയാകുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്‌.

Generated from archived content: cinema3_may25_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here