മലയാളത്തിലെ മുൻനിര നായിക മുൻനിര സംവിധായകന്റെ ചിത്രത്തിൽ. ഷാജി കൈലാസിന്റെ പുതിയ സിനിമയിൽ ദിലീപിന്റെ നായികയായി മീരാജാസ്‌മിനെ കരാർ ചെയ്‌തു. ദിലീപിന്റെ നായികയായി ‘സൂത്രധാരനി’ലൂടെ മലയാള സിനിമയിൽ കടന്നുവന്ന ഈ തിരുവല്ലാക്കാരി തെന്നിന്ത്യയിലെ വിലയേറിയ താരമാണിന്ന്. നായകനൊപ്പം ഉയർന്നു നിൽക്കുന്ന സ്‌ത്രീകഥാപാത്രമാണ് ഷാജിയുടെ ചിത്രത്തിൽ മീരക്ക് ലഭിച്ചിട്ടുളളത്. ആറാംതമ്പുരാനിൽ മഞ്ഞ്‌ജുവാര്യർക്ക് നൽകിയ ബ്രേക്ക് മീരക്ക് ഈ ഷാജി ചിത്രം നൽകുമെന്നും ചലച്ചിത്ര പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ദിലീപിന്റെ ഈ ഓണചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ 10ന് എറണാകുളത്ത് ആരംഭിക്കും. മാളവിക പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എസ്.ചന്ദ്രകുമാർ ചിത്രം നിർമ്മിക്കുന്നു. ജെ.പളളാശ്ശേരി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഹൈദരാബാദാണ്. കലാഭവൻ മണി, ബിജുമേനോൻ, ജഗതിശ്രീകുമാർ, സായികുമാർ എന്നിവരും പ്രധാനതാരങ്ങളാണ്.
കമൽ ചിത്രങ്ങളായ ഗ്രാമഫോൺ, പെരുമഴക്കാലം എന്നിവക്കുശേഷം ദിലീപ്-മീരാജാസ്‌മിൻ ജോഡി ഒന്നിക്കുന്നത് വാർത്തയാകുകയാണ്.
Generated from archived content: cinema3_may24_06.html Author: cini_vision