സിമ്രാൻ വീണ്ടുമെത്തുമ്പോൾ…

നീണ്ട ഇടവേളയ്‌ക്കുശേഷം മലയാളത്തിലേക്കുള്ള തിരിച്ചുവരവ്‌ ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സിമ്രാൻ. സംവിധായകൻ വിനു ആനന്ദ്‌ ‘ഒരുവൻ’ എന്ന വ്യത്യസ്ത ചിത്രത്തിനു ശേഷം ഒരുക്കുന്ന പ്രോജക്ടിൽ അതിശക്തമായ കഥാപാത്രത്തെ വിലയേറിയ താരമായ സിമ്രാൻ പ്രതിനിധീകരിക്കുന്നു.

ദക്ഷിണേന്ത്യയിലെ സിമ്രാന്റെ അരങ്ങേറ്റം തന്നെ മമ്മൂട്ടി നായകനായ ‘ഇന്ദ്രപ്രസ്ഥ’ത്തിലൂടെയായിരുന്നു. തുടർന്ന്‌ തമിഴിലേക്ക്‌ കടന്ന സുന്ദരി വളരെ പെട്ടെന്നാണ്‌ അവിടം കീഴടക്കി താരറാണിപ്പട്ടം ചൂടിയത്‌. ഇതിനകം 60 തമിഴ്‌ ചിത്രങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. തെലുങ്ക്‌, ഹിന്ദി ചിത്രങ്ങളിലും സാന്നിധ്യമറിയിച്ചു.

‘സൂപ്പർഹിറ്റ്‌ മുക്കാബല’ എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകയായി കരിയർ ആരംഭിച്ച സിമ്രാൻ അഭിനയരംഗത്ത്‌ പ്രവേശനം നേടുന്നത്‌ അമിതാഭ്‌ ബച്ചൻ കോർപറേഷന്റെ ‘തേരെ മേര സപ്‌നേ’ എന്ന സിനിമയിലൂടെയാണ്‌. ചിത്രത്തിലെ ഗാനരംഗങ്ങൾ ശ്രദ്ധയിൽപ്പെട്ട ദക്ഷിണേന്ത്യൻ ചലച്ചിത്രകാരന്മാർ ഈ നടിയെ പുതിയ ചിത്രങ്ങളിലേയ്‌ക്ക്‌ പരിഗണിക്കുകയായിരുന്നു.

ദേശീയാഗീകാരം കപ്പിനും സിപ്പിനുമിടയിലാണ്‌‘ സിമ്രാന്‌ നഷ്ടമായത്‌. മണിരത്നത്തിന്റെ ’കന്നത്തിൽ മുത്തമിട്ടാലി‘ലെ അമ്മറോൾ മനോഹരമാക്കിയാണ്‌ താരം ദേശീയ അവാർഡ്‌ ജൂറിയുടെ പ്രശംസ പിടിച്ചുപറ്റിയത്‌.

കഥയും കഥാപാത്രവും ഒരുപാടിഷ്ടപ്പെട്ടതു കൊണ്ടാണ്‌ ’ഹാർട്ട്‌ബീറ്റ്‌സി‘ലേക്കുള്ള ക്ഷണം സ്വീകരിച്ചതെന്ന്‌ സിമ്രാൻ പറയുന്നു. ഇന്ദ്രജിത്ത്‌ നായകനാകുന്ന ചിത്രത്തിൽ മണിക്കുട്ടൻ, ജഗതി ശ്രീകുമാർ, രമ്യാ നമ്പീശൻ എന്നിവരും താരനിരയിലുണ്ട്‌.

Generated from archived content: cinema3_may17_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here