കുഞ്ഞിക്കൂനൻ രണ്ടാം ഭാഗത്തിലും ദിലീപിന്‌ ഇരട്ടവേഷം

ദിലീപിന്റെ ഇരട്ടവേഷങ്ങളിലൂടെ ശ്രദ്ധേയമായ ‘കുഞ്ഞിക്കൂന’ന്‌ രണ്ടാംഭാഗം വരുന്നു. അച്‌ഛനും മകനുമായി ദിലീപിനെ ഇക്കുറിയും ഇരട്ടവേഷത്തിൽ തന്നെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാനാണ്‌ സംവിധായകൻ ശശിശങ്കറിന്റെ തീരുമാനം. രണ്ടുഘട്ടങ്ങളിലുളള ഇരട്ട കഥാപാത്രങ്ങളെ ഇതാദ്യമായാണ്‌ ദിലീപ്‌ അവതരിപ്പിക്കുന്നത്‌. കഥാ ചർച്ചകൾ പുരോഗമിക്കുന്ന ചിത്രത്തിലെ താരനിർണയം പൂർത്തിയായിട്ടില്ല.

‘വടക്കുംനാഥനി’ലൂടെ വീണ്ടും തരംഗമുണർത്തിയ ഷാജൂൺ കാര്യാലിന്റെ പുതിയ സിനിമയിലും ദിലീപ്‌ ആണ്‌ നായകൻ. നർമ്മരസ പ്രധാനമായ കഥാമുഹൂർത്തങ്ങൾ ഉൾക്കൊളളുന്ന ചിത്രമായിരിക്കും ഇക്കുറി ഷാജൂൺ പ്രേക്ഷകർക്കായി ഒരുക്കുക. ജനപ്രിയനായകന്‌ തീർത്തും അനുയോജ്യമാണത്രേ കഥാപാത്രം.

താരസംഘടനയായ ‘അമ്മ’ക്കു വേണ്ടി ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണച്ചുമതലയും ദിലീപിനാണ്‌. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ജയറാം എന്നിവർക്കൊപ്പം ദിലീപും ഈ ചിത്രത്തിൽ തുല്യപ്രാധാന്യമുളള കഥാപാത്രമാകുന്നു. മലയാള സിനിമാ ചരിത്രത്തിൽ തന്നെ നാഴികക്കല്ലാകാവുന്ന ഈ പ്രോജക്‌ട്‌ ധൈര്യസമേതമാണ്‌ ദിലീപ്‌ ഏറ്റെടുത്തിട്ടുളളത്‌. ജോഷി ചിത്രത്തിൽ സൂപ്പർതാരങ്ങളുടെ നായികമാർ ആരെല്ലാമായിരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മലയാളത്തിലെ മുൻനിര നായികമാരെല്ലാം പരിഗണനയിലുണ്ട്‌. എന്നാൽ അന്യഭാഷകളിൽ തിരക്കേറിയ നായികമാരുടെ ഡേറ്റ്‌ തരപ്പെടുത്തുക നിർമാതാവിന്‌ വെല്ലുവിളി ഉയർത്തും. ഉദയ്‌ കൃഷ്‌ണ-സിബി കെ.തോമസ്‌ ഇരട്ടകളാണ്‌ സൂപ്പർതാര ചിത്രത്തിന്‌ തിരനാടകം ചമക്കുന്നത്‌.

രാജ്‌ബാബു സംവിധാനം ചെയ്യുന്ന ‘ചെസ്‌’ പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണ്‌ ദിലീപ്‌. സൂപ്പർസ്‌റ്റാർ ഫിലിംസിന്റെ ബാനറിൽ മഹി നിർമിക്കുന്ന ‘ചെസി’ൽ ഭാവനയാണ്‌ നായിക. ഭാവന മറ്റൊരു മലയാള ചിത്രത്തിനും ഇതുവരെ ഡേറ്റ്‌ നൽകിയിട്ടില്ല. ഈ വർഷം ഭാവനയുടെ മറ്റൊരു ചിത്രവും ഉണ്ടാകില്ലെന്നാണറിയുന്നത്‌.

Generated from archived content: cinema3_june7_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here