സിദ്ദിഖ് നീണ്ട ഇടവേളയ്‌ക്കുശേഷം സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിൽ കാവ്യ മാധവൻ നായികയാകുന്നു. പ്രസന്നയാണ് കാവ്യയുടെ നായകൻ. അതിശക്തമായ കഥാപാത്രമായതുകൊണ്ടാണ് കാവ്യ തമിഴിൽ നായികയാകാൻ സമ്മതം മൂളിയിരിക്കുന്നത്. പഠനത്തോടൊപ്പം ജോലിചെയ്ത് കുടുംബത്തിന് അത്താണിയാകുന്ന വേഷം കാവ്യയെ തമിഴകത്ത് മുൻനിരയിലെത്തിച്ചേക്കും. നഗരജീവിതത്തിലെ പ്രശ്നങ്ങൾ കോമഡി കലർത്തി പറയാനാണ് സിദ്ദിഖിന്റെ ശ്രമം.
ക്രോണിക് ബാച്ചിലറിന്റെ തമിഴ് റീമേക്ക് ‘എങ്കൺ അണ്ണ’ക്കുശേഷം സിദ്ദിഖ് തമിഴ്‌പ്രേക്ഷകർക്കായി സിനിമ ഒരുക്കുകയാണ്. റീമേക്കുകളിൽ വിജയ്-സൂര്യ ടീം അണിനിരന്ന ‘ഫ്രണ്ട്‌സ്’ സിദ്ദിഖിന് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു.
കാവ്യ സിദ്ദിഖിനൊപ്പം ആദ്യമായാണ് സഹകരിക്കുന്നതെന്നത് ഏറെ പ്രത്യേകതയർഹിക്കുന്നു. തമിഴകത്തേക്ക് ഇനിയില്ലെന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കുന്ന ഘട്ടത്തിലാണ് മാധ്യമപ്രവർത്തകരെ ഞെട്ടിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്. എൻ മനവാനിലേ, കാശി എന്നീ തമിഴ്‌ചിത്രങ്ങളിലാണ് ഇതിനുമുമ്പ് കാവ്യ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ പ്രമുഖ ചിത്രങ്ങളുടെ റീമേക്കായിരുന്ന രണ്ടു ചിത്രങ്ങളും വിനയനാണ് സംവിധാനം ചെയ്തത്. ഒരർത്ഥത്തിൽ കാവ്യയുടെ സ്വതന്ത്രമായ തമിഴ്‌സിനിമയായി സിദ്ദിഖ് ചിത്രം പരിഗണിക്കപ്പെടും, നവ്യാനായർ, മീരാജാസ്മിൻ എന്നിവരുടെ നായകനായി തിളങ്ങിയ പ്രസന്ന കാവ്യയുടെ ജോഡിയാകുമ്പോഴും പ്രതീക്ഷ തെറ്റിക്കില്ല. ജോഷിയുടെ ‘നസ്രാണി’യിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനാകുന്നതിന്റെ ത്രില്ലിലാണ് താരമിപ്പോൾ. മമ്മൂട്ടിക്കൊപ്പം ആദ്യമായി ജോഡിചേരുന്നു എന്നത് ഈ പ്രോജക്ടിനെയും വ്യത്യസ്തമാക്കുന്നു.
Generated from archived content: cinema3_june19_07.html Author: cini_vision