തമിഴിലും തെലുങ്കിലും ശക്തമായ കഥാപാത്രങ്ങൾ ലഭിക്കാതായതോടെ മീരാ ജാസ്‌മിൻ മാതൃഭാഷ തട്ടകമാക്കുന്നു. ഗുരു ലോഹിതദാസ് ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രം മീരയുടെ അഭിനയജീവിതത്തിൽ നിർണായകമാകുമെന്നാണ് പൊതുവെയുളള വിലയിരുത്തൽ. ‘പെരുമഴക്കാലത്തി’ലാണ് മീര ദിലീപിനൊപ്പം ഒടുവിൽ സഹകരിച്ചത്. പക്ഷേ ചിത്രത്തിൽ അതിഥി താരമായിരുന്നു ദിലീപ്. ‘സൂത്രധാരനി’ൽ ദിലീപിന്റെ നായികയായി ലോഹിതദാസ് മലയാളത്തിന് പരിചയപ്പെടുത്തിയ തിരുവല്ലാക്കാരി ദക്ഷിണേന്ത്യൻ സിനിമാലോകം കീഴടക്കിയത് വളരെ പെട്ടെന്നാണ്.
ലെനിൻ രാജേന്ദ്രന്റെ ‘രാത്രിമഴ’യിൽ ചന്ദ്രമതിയുടെ കഥാപാത്രത്തിനാണ് മീര ജീവനേകുന്നത്. കഥയുടെയും കഥാപാത്രത്തിന്റെയും കരുത്ത് കണ്ടറിഞ്ഞാണ് മീര ഈ ചിത്രം പൂർത്തിയാക്കിയത്. രണ്ടു ഷെഡ്യൂളുകളായി ചിത്രീകരണം നടന്ന ‘രാത്രിമഴ’യിൽ ഡേറ്റ് പ്രോബ്ലം ഉണ്ടായിട്ടുപോലും നായിക സഹകരിക്കുകയായിരുന്നു. അതേസമയം നായകൻ പൃഥ്വീരാജ് രണ്ടാംഘട്ട ചിത്രീകരണത്തിൽ നിന്നും പിന്മാറി. വിനീതാണ് ആ കഥാപാത്രത്തെ പിന്നീട് അവതരിപ്പിച്ചത്.
കെ.പി. കുമാരന്റെ ‘ആകാശഗോപുര’ത്തിൽ മോഹൻലാലിന്റെ നായികമാരിലൊരാൾ മീരയാണ്. ഇബ്‌സൻ സൃഷ്‌ടിച്ച ഗിൽഡ ഈ നടിയുടെ കൈയിൽ ഭദ്രമായിരിക്കും. മോഹൻലാൽ അവതരിപ്പിക്കുന്ന ആൽബർട്ട് സാംസൺ എന്ന ആർക്കിടെക്‌ടിന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന പെൺകുട്ടിയാണ് ഗിൽഡ വർഗീസ്. ‘രസതന്ത്ര’ത്തിൽ ആൺവേഷം കെട്ടിയ മീര കുട്ടികളടെയും പ്രിയങ്കരിയായിക്കഴിഞ്ഞു. എസ്.ജെ. സൂര്യയുടെ പുതിയ തമിഴ് ചിത്രത്തിൽ മീരയെ നായികയായി തിരഞ്ഞെടുത്തിട്ടുണ്ട്. സൂര്യ ചിത്രങ്ങളിലെ നായികമാർ അതിരുവിട്ട് ഗ്ലാമർ പ്രദർശനം നടത്തുമെന്ന മുൻധാരണയുളളതിനാൽ ചില ഉപാധികളോടെയാണ് മീര കരാറിൽ ഒപ്പിട്ടിട്ടുളളത്.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ സത്യൻ അന്തിക്കാടിന്റെ ‘അച്ചുവിന്റെ അമ്മ’, ‘രസതന്ത്രം’ എന്നീ രണ്ടു ചിത്രങ്ങളിലൂടെയാണ് ഈ നടി മലയാളത്തിൽ സാന്നിധ്യമറിയിച്ചത്.
Generated from archived content: cinema3_june16_06.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English