‘ജൂലൈ 4’ലെ ഉപനായക വേഷം യുവനായകൻ ശരത്തിന് തുണയാകുന്നു. റോമ, മംഗള എന്നീ യുവനായികമാരുമായുള്ള കോമ്പിനേഷൻ സീനുകളും ഗാനരംഗങ്ങളും ചലച്ചിത്രപ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചത് പുതിയ പല പ്രോജക്ടുകളിലേക്കും ശരത്തിനെ ഉൾപ്പെടുത്താൻ അണിയറ പ്രവർത്തകരെ പ്രചോദിതരാക്കിയിരിക്കുകയാണ്. ദിലീപ് തന്നെ നായകനായ ‘ചക്കരമുത്തി’ലും ശ്രദ്ധിക്കപ്പെടുന്ന റോളായിരുന്നു. നായിക കാവ്യാമാധവനെ പെണ്ണു കാണാനെത്തുന്ന യുവഡോക്ടറായി പക്വമായ പ്രകടനം കാഴ്‌ചവെച്ചെങ്കിലും തുടർന്ന് അവസരം ലഭിച്ചത് ജോഷി ചിത്രത്തിലാണ്.
ഷാജി എൻ. കരുണിന്റെ ‘സ്വമ്മി’ലൂടെ സിനിമയിലെത്തിയ ശരത് ആദ്യം നായകനായത് എം.ടി. ഹരിഹരൻ ടീമിന്റെ എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് എന്ന ചിത്രത്തിലൂടെയാണ്. ജോഷി സംവിധാനം ചെയ്ത ‘പത്രം’ ശരത്തിനെ മുഖ്യധാരയിൽ ഉറപ്പിച്ചുനിർത്തി. കമൽ, സിബിമലയിൽ എന്നീ പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിൽ സഹകരിച്ച താരം മികച്ച റോളുകൾ കുറഞ്ഞതിനെ തുടർന്ന് സീരിയൽ രംഗത്ത് നിലയുറപ്പിക്കുകയായിരുന്നു. വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന മെഗാസീരിയലുകളിൽ മുഖ്യവേഷക്കാരനായ ശരത് അടുത്തിടെയാണ് വിവാഹിതനായത്.
Generated from archived content: cinema3_july26_07.html Author: cini_vision