പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഖരം മസാല’യിലൂടെ ഇന്നസെന്റും സിദ്ധാർഥും ബോളിവുഡിന്റെ ഭാഗമാകുന്നു. ഇന്നസെന്റ് അഭിനേതാവായും സിദ്ധാർഥ് സഹസംവിധായകനായും സഹകരിക്കുന്ന ആദ്യ ഹിന്ദി ചിത്രത്തിൽ ഓംപുരിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോഷിയുടെ ‘നരൻ’ പൂർത്തിയാക്കിയശേഷം ഇന്നസെന്റ് പ്രിയന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും. കാരക്കുടിയാണ് ഖരം മസാലയുടെ പ്രധാന ലൊക്കേഷൻ.
അഭിനയരംഗത്തുനിന്നും പിൻവലിഞ്ഞ സിദ്ധാർത്ഥ് മികവുറ്റ സംവിധായകനാകാനുളള തയ്യാറെടുപ്പിലാണ്. ‘ഖരം മസാല’യുടെ സെറ്റിൽ അണിയറക്കാരന്റെ റോളിലെത്തിയ സിദ്ധാർത്ഥ് തുടർന്നും പ്രിയദർശന്റെ ഹിന്ദി ചിത്രങ്ങളിൽ സഹകരിക്കും. ജയരാജിന്റെ സംവിധാന സഹായിയായാണ് ഈ യുവതാരം സിനിമയിലെത്തിയത്. തുടർന്ന് കമലിന്റെ ‘നമ്മളി’ൽ ഇരട്ടനായകന്മാരിലൊരാളായി. ആദ്യചിത്രം വൻ വിജയമായിരുന്നുവെങ്കിലും പിന്നീടെത്തിയവയെല്ലാം പരാജയത്തിന്റെ രുചിയറിഞ്ഞു. ദിലീപ് ചിത്രമായ ‘രസിക’നും സിദ്ധാർത്ഥിനെ തുണച്ചില്ല. ‘എന്നിട്ടും’ എന്ന ചിത്രം പുറത്തിറങ്ങാനുണ്ട്. സ്വർണ്ണമാല്യയുടെ ജോഡിയാണ് സിദ്ധാർത്ഥ് ഈ ചിത്രത്തിൽ.
Generated from archived content: cinema3_july14_05.html Author: cini_vision