രജനീകാന്തിന്റെ സാന്നിധ്യം കൊണ്ട് പ്രീ-പബ്ലിസിറ്റി നേടിയ ഷങ്കറിന്റെ ‘ശിവാജി’യിൽ പ്രതിനായകനാകാൻ മലയാളത്തിന്റെ സൂപ്പർനായകൻ മോഹൻലാലിനു ക്ഷണം. അമിതാഭ് ബച്ചനു പകരക്കാരനായാണ് അണിയറ പ്രവർത്തകർ ലാലിനെ ഉറ്റുനോക്കുന്നത്. രജനിയുടെ നായക കഥാപാത്രത്തോളം പ്രാധാന്യമുളള വേഷമാണ് പ്രതിനായകന്റേത്. ദക്ഷിണേന്ത്യയിലെ സൂപ്പർതാരങ്ങളുടെ സംഗമം കൊണ്ട് ‘ശിവാജി’യെ അവിസ്‌മരണീയമായ ചലച്ചിത്രാനുഭവമാക്കി മാറ്റാനാണ് തീരുമാനം. അമിതാഭ് ബച്ചൻ രോഗശയ്യയിലായതോടെയാണ് മോഹൻലാലിന്റെ പേര് ഉയർന്നുവന്നത്.
മണിരത്‌നത്തിന്റെ ‘ദളപതി’യിൽ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടെങ്കിലും മോഹൻലാലിന്റെ കഥാപാത്രങ്ങളുമായാണ് രജനി അടുത്ത ബന്ധം പുലർത്തിയിരുന്നുത്. ലാലിന്റെ അനശ്വര കഥാപാത്രങ്ങളായ ‘തേന്മാവിൻ കൊമ്പത്തി’ലെ മാണിക്യനും ‘മണിച്ചിത്രത്താഴി’ലെ ഡോ.സണ്ണിയും തമിഴിൽ പേരുമാറിയെത്തിയപ്പോൾ ജീവൻ നൽകിയത് രജനിയായിരുന്നു. റീമേക്ക് ചിത്രങ്ങൾ രണ്ടും തമിഴ്‌നാട്ടിൽ റെക്കോർഡ് വിജയമായിരുന്നു.
മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം വേഷമിടാൻ എന്നും ആഗ്രഹം പ്രകടിപ്പിച്ചിട്ടുളളയാളാണ് രജനീകാന്ത്. മോഹൻലാൽ പച്ചക്കൊടി കാട്ടിയാൽ സൂപ്പർതാര സംഗമത്തിന് അതു വഴി വെക്കും. താരരാജാക്കൻമാരുടെ കൂടിച്ചേരലിന് സാക്ഷ്യം വഹിക്കുന്ന ഈ സിനിമയിൽ ഗ്ലാമർതാരം ശ്രേയയാണ് നായിക.
രാംഗോപാൽ വർമ്മ ഒരുക്കുന്ന ‘ഷോലെ’യുടെ റീമേക്കിൽ ഠാക്കൂറായി തലനരപ്പിച്ച് പ്രത്യക്ഷപ്പെടാൻ തയ്യാറായ മോഹൻലാൽ രജനിയുടെ ഓഫർ നിരാകരിക്കില്ലെന്നാണ് സൂചനകൾ. എന്നാൽ വില്ലനായും വൃദ്ധനായും ലാലിനെ ഉൾക്കൊളളാൻ ആരാധകർ തയ്യാറാകുമോ എന്ന് കണ്ടറിയണം. നവാഗതനായ ഡോ.എസ്.ജനാർദ്ദനന്റെ ‘മഹാസമുദ്ര’ത്തിന്റെ സെറ്റിലാണ് സൂപ്പർതാരമിപ്പോൾ.
Generated from archived content: cinema3_dec21_05.html Author: cini_vision