‘ലഗാൻ’ ഫെയിം ഗ്രേസിസിംഗ് മലയാള സിനിമയിൽ നായികാവേഷമണിയുന്നു. വില്യം ഷേക്സ്‌പിയറുടെ വിഖ്യാതകൃതി ‘മാക്‌ബത്തി’നെ അധികരിച്ച് രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ്‌ഗോപിയുടെ നായികയായിട്ടാണ് ഗ്രേസിയുടെ മലയാളപ്രവേശം. ഷേക്സ്‌പീരിയൻ ട്രാജഡിയുടെ പേര് തന്നെയാണ് സിനിമയുടേയും.
ഓസ്‌കാർ നോമിനേഷൻ ലഭിച്ച ‘ലഗാനി’ൽ അമീർഖാന്റെ ജോഡിയായി എത്തി ബോളിവുഡിൽ ശ്രദ്ധപിടിച്ചു പറ്റിയ ഗ്രേസിസിംഗ് മുന്നാഭായ് എം.ബി.ബി.എസിലും ഏറെ തിളങ്ങി. സുരേഷിന്റെ തന്നെ ജോഡിയായി മറ്റൊരു ബോളിവുഡ് സുന്ദരി മന്ദിരബേദിയും മലയാളത്തിലെത്തുന്നുണ്ട്. രാജീവ്‌നാഥിന്റെ ‘ഏഴാംമുദ്ര’യാണ് മന്ദിരയുടെ മലയാള പ്രവേശംകൊണ്ട് ശ്രദ്ധനേടുന്നത്.
മാക്‌ബത്തായി രൂപംമാറാൻ സുരേഷ്‌ഗോപി ഏറെ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. കാലികമായ മാറ്റങ്ങളോടെയാണ് ഷേക്സ്‌പീരിയൻ കഥാപാത്രം മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുക. ഷേക്സ്‌പിയറുടെ ട്രാജഡിയെ ഇതാദ്യമായല്ല സുരേഷ് ഉൾക്കൊള്ളുന്നത്. ‘ഒഥല്ലോ’യുടെ മലയാളം വേർഷൻ ‘കളിയാട്ടം’ സുരേഷ്‌ഗോപിക്ക് ദേശീയപുരസ്‌ക്കാരം നേടിക്കൊടുത്തിരുന്നു.
സുരേഷ്‌ഗോപിയുടെ മൂന്നു ചിത്രങ്ങളാണ് റിലീസിംഗിന് തയ്യാറെടുത്തിട്ടുള്ളത്. ‘നദിയ കൊല്ലപ്പെട്ട രാത്രി’ റിലീസ് ചെയ്തു, ‘ബ്ലാക് ക്യാറ്റ്’, ‘കിച്ചാമണി എം.ബി.എ.’ എന്നീ ചിത്രങ്ങൾ അടുത്തമാസം താരത്തിന്റേതായി പ്രേക്ഷകർക്കു മുന്നിലെത്തുന്നുണ്ട്.
Generated from archived content: cinema3_aug7_07.html Author: cini_vision