അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ എന്നീ പ്രശസ്ത സംവിധായകർക്കൊപ്പം സഹകരിക്കാനാവുന്നതിന്റെ സന്തോഷത്തിലാണ് നടൻ സിദ്ദിഖിപ്പോൾ. തകഴി ശിവശങ്കരപ്പിള്ളയുടെ കഥകളെ അധികരിച്ച് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലൊന്നിൽ ചെറുതെങ്കിലും ശക്തമായ കഥാപാത്രത്തെ സിദ്ദിഖ് അവതരിപ്പിക്കുന്നു.
എം.ടി-ഹരിഹരൻ ടീമിന്റെ ‘പഴശിരാജ’ സിദ്ദിഖിന്റെ കരിയറിൽ നിർണായകമായേക്കും. ഹരിഹരന്റെ സംവിധാനത്തിൻ കീഴിൽ എം.ടി. വാസുദേവൻ നായരുടെ കഥാപാത്രത്തിനു ജീവൻ നൽകാൻ ലഭിച്ച അവസരം തന്റെ ഭാഗ്യമായി ഈ നടൻ വിലയിരുത്തുന്നു. വടക്കൻപാട്ട് ചിത്രത്തിൽ ആദ്യമായല്ല സിദ്ദിഖ് അഭിനയിക്കുന്നത്. പി. ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘പുത്തൂരം പുത്രി ഉണ്ണിയാർച്ച’യിൽ ആരോമൽ ചേകവരായി ശ്രദ്ധേയപ്രകടനം കാഴ്‌ചവച്ചിരുന്നു.
വില്ലൻ വേഷങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയ ഈ നടനെ തേടി മികച്ച അവസരങ്ങളാണ് ഒന്നിനുപുറകെ ഒന്നായി എത്തിക്കൊണ്ടിരിക്കുന്നത്. സൂപ്പർതാരങ്ങളുടെയെല്ലാം ചിത്രങ്ങളിൽ തുല്യ പ്രാധാന്യമുള്ള പ്രതിനായക വേഷങ്ങൾ അവതരിപ്പിച്ചു വരുന്ന സിദ്ദിഖിന് അൻവർ റഷീദിന്റെ ‘ഛോട്ടാ മുംബൈ’യിൽ കോമഡി പരിവേഷമാണ്. മോഹൻലാലിന്റെ നായക കഥാപാത്രം വാസ്‌കോഡഗാമയുടെ അനുചരൻമാരിൽ പ്രധാനിയായാണ് സിദ്ദിഖ് വീണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാനെത്തുന്നത്. വർഷങ്ങളുടെ ഇടവേളയ്‌ക്കുശേഷമാണ് സിദ്ദിഖ് ഹാസ്യം കൈകാര്യം ചെയ്യുന്നത്. വില്ലൻ വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലും ഈ നടൻ നിറഞ്ഞാടാൻ തുടങ്ങിയിട്ട് 10 വർഷമായി.
Generated from archived content: cinema3_apr9_07.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English