‘രാപ്പകലി’നെ തുടർന്ന് കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഫാസിലിന്റെ മകൻ ഷാനു വീണ്ടും നായകനായെത്തുന്നു. മീരാ ജാസ്‌മിനെ ഷാനുവിന്റെ നായികയാക്കാനുളള ശ്രമങ്ങളും അണിയറയിൽ തുടങ്ങിക്കഴിഞ്ഞു. ഫാസിൽ തന്നെയാകും ഈ ചിത്രം നിർമ്മിക്കുക. ബിരുദവിദ്യാർത്ഥിയായ ഷാനു ചിത്രത്തിന്റെ ഷൂട്ടിംഗിനായി അമേരിക്കയിൽ നിന്നെത്തും. എന്നാൽ ചിത്രീകരണം എന്നായിരിക്കണമെന്ന് ഇതുവരെയും തീരുമാനമായിട്ടില്ല.
‘കയ്യെത്തും ദൂര’ത്തിലൂടെ ഫാസിൽ തന്നെയാണ് ഷാനുവിനെ സിനിമാരംഗത്ത് പരിചയപ്പെടുത്തിയത്. എന്നാൽ ചിത്രത്തിന്റെ പരാജയം യുവനായകന് തിരിച്ചടിയായി. അഭിനയം മതിയാക്കി ബിരുദ പഠനത്തിനായി അമേരിക്കയിലേക്ക് ചേക്കേറുകയും ചെയ്‌തു. നഷ്‌ടപ്രതാപം വീണ്ടെടുത്ത സൂപ്പർതാരങ്ങൾ നിറഞ്ഞാടുന്ന മലയാള സിനിമയിൽ മകന് ഇടം കണ്ടെത്തുക ഫാസിലിന് എളുപ്പമാകില്ലെന്നാണ് ചലച്ചിത്രപ്രവർത്തകർ പറയുന്നത്. യുവനായകർക്കൊക്കെ ചിത്രങ്ങളില്ലാത്ത അവസ്ഥയാണിപ്പോൾ.
‘കയ്യെത്തും ദൂര’ത്തിൽ ഷാനുവിന്റെ നായികയായി എത്തിയ നിഖിതയെയും ചിത്രത്തിന്റെ പരാജയം പ്രതികൂലമായി ബാധിച്ചു. തമിഴിലും തെലുങ്കിലും ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ നിർബന്ധിതയായിരിക്കുകയാണ് ഈ പഞ്ചാബി സുന്ദരി ഇപ്പോൾ.
Generated from archived content: cinema3_apr27.html Author: cini_vision