ചിത്രീകരണമാരംഭിച്ച ഷാജി കൈലാസിന്റെ ‘ടൈഗറി’ൽ ഗോപിക ജേർണലിസ്‌റ്റായി രംഗത്തെത്തുന്നു. രാഷ്‌ട്രീയം പ്രമേയമായുളള സിനിമയിൽ അന്വേഷണാത്മക പത്രപ്രവർത്തക സുഹറ അഹമ്മദായാണ് യുവനായിക എത്തുന്നത്. ഏഷ്യാവിഷൻ ചാനലിന്റെ റിപ്പോർട്ടർ സുഹറ അഹമ്മദിന്റെ തിരോധാനവും തുടർന്നുളള അന്വേഷണങ്ങളുമാണ് ‘ടൈഗറി’നെ സംഭവബഹുലമാക്കുന്നത്. ജേർണലിസ്‌റ്റിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തകർ പ്രക്ഷോഭം തുടങ്ങിയതിനെ തുടർന്നാണ് ചന്ദ്രശേഖർ എന്ന പോലീസ് ഉദ്യോഗസ്ഥനെ കേസന്വേഷണത്തിന് നിയോഗിക്കുന്നത്. സുരേഷ് ഗോപിയാണ് ചന്ദ്രശേഖർ ആകുന്നത്. സായികുമാർ, ആനന്ദ് എന്നിവർ കേസന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായെത്തുന്നു.
ജനാർദ്ദനൻ ഗോപികയുടെ അച്‌ഛനായും സുവർണ മാത്യു സഹോദരിയായും വേഷമിടുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യമന്ത്രിയായും രാജൻ പി.ദേവ് മന്ത്രിയായും എത്തുന്ന ചിത്രത്തിൽ സിദ്ദിഖ് എൻ.ആർ.ഐ. ബിസിനസുകാരനായ എം.പിയാകുന്നു. മുരളിക്ക് വിജിലൻസ് ഡയറക്‌ടറുടെ റോളാണ്.
ബി. ഉണ്ണികൃഷ്‌ണൻ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് പുതുമുഖം ശ്യാം ദത്താണ്. ബോൾഗാട്ടിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ടൈഗർ ക്രിസ്‌തുമസിന് തീയറ്ററുകളിലെത്തും.
Generated from archived content: cinema2_sept21_05.html Author: cini_vision