പൊരുത്തമുള്ള താരജോഡിയെന്ന് പേരെടുത്ത് ഗോസിപ്പ് കോളങ്ങളിലെ നിറസാന്നിധ്യമായിത്തീർന്ന പൃഥ്വിരാജും മീരാ ജാസ്മിനും ഇടവേളക്കുശേഷം വീണ്ടും ഒന്നിക്കുന്നു. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ബോസ്’ ആണ് യുവനിരയിലെ വിലയേറിയ നായകന്റെയും നായികയുടെയും പുനഃസമാഗമത്തിന് വേദിയാകുന്നത്. തമിഴകത്തുനിന്നും പ്രകാശ്‌രാജും ഈ പ്രോജക്ടിൽ സഹകരിക്കാനെത്തുന്നുണ്ട്. ലാലു അലക്സ്, ജഗതി ശ്രീകുമാർ, സായ്‌കുമാർ, ബാബുരാജ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘ബോസ്’ മാളിവി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ചന്ദ്രകുമാർ നിർമിക്കുന്നു.
കമലിന്റെ ‘സ്വപ്നക്കൂട്’ ആണ് പൃഥ്വി-മീര ജോഡിക്ക് ജന്മം നൽകിയത്. വൻവിജയം നേടിയ ഈ ചിത്രത്തെ തുടർന്ന് ലോഹിതദാസിന്റെ ‘ചക്ര’ത്തിലും ഇരുവരും അണിനിരന്നു. ഇതോടെ ഗോസിപ്പ് കോളങ്ങളിലും സജീവസാന്നിധ്യമായി ഇരുവരും. രഹസ്യമായി വിവാഹം കഴിഞ്ഞെന്നുവരെ വാർത്തകൾ വന്നു. പിന്നീട് ഇവരെ നായികാനായകന്മാരാക്കി പ്രശസ്ത സംവിധായകർ സിനിമകൾ അനൗൺസ് ചെയ്തെങ്കിലും അവയൊന്നും നടന്നില്ല. ‘പെരുമഴക്കാല’ത്തിൽ മീരാ ജാസ്മിന്റെ ജോഡിയായി ആദ്യം നിശ്ചയിച്ചത് പൃഥ്വിയെ ആയിരുന്നു. ‘വാസ്തവ’ത്തിലൂടെ സംസ്ഥാന അവാർഡ് നേടിക്കൊടുത്ത പത്മകുമാറിനൊപ്പം പൃഥ്വിരാജ് വീണ്ടും സഹകരിക്കുന്നു എന്ന നിലയിലും ‘ബോസ്’ ചർച്ച ചെയ്യപ്പെട്ടേക്കും.
Generated from archived content: cinema2_sept19_07.html Author: cini_vision