ചെറിയൊരു ഇടവേളക്കുശേഷം കെ.പി.എ.സി ലളിത വീണ്ടും തമിഴകത്തെത്തുന്നു. പതിവുപോലെ മലയാളി സംവിധായകന്റെ ശിക്ഷണത്തിലാണ് ഇക്കുറിയും ലളിത തമിഴ് സംസാരിക്കുന്നത്. ‘ചന്ദ്രമുഖി’യുടെ വൻവിജയത്തിനുശേഷം പി.വാസു രചനയും സംവിധാനവും നിർവഹിക്കുന്ന ‘പരമശിവനി’ലാണ് മലയാളത്തിലെ എന്നത്തേയും മികച്ച അഭിനേത്രി സഹകരിക്കുന്നത്. ലൈലയും അജിത്തുമാണ് ‘പരമശിവ’ത്തിലെ നായികനായകൻമാർ. പ്രകാശ്‌രാജും പ്രധാന വേഷത്തിലുണ്ട്. ഫാസിലാണ് അനിയത്തിപ്രാവിന്റെ തമിഴ് പതിപ്പായ ‘കാതലുക്ക് മര്യാദ’യിലൂടെ ലളിതയെ തമിഴകത്തെത്തിച്ചത്. മണിരത്‌നം ചിത്രത്തിലും പ്രധാന കഥാപാത്രമായി. ശബ്‌ദം കൊണ്ട് തിരിച്ചറിയുന്ന അപൂർവം നായികമാരിൽ ഒരാളായ ഇവർ പക്ഷേ തമിഴിൽ സംസാരിച്ചത് ഡബ്ബിംഗ് ആർട്ടിസ്‌റ്റിന്റെ സഹായത്തോടെയാണ്.
സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് ലളിത അവതരിപ്പിച്ചത്. യുവതിയായും വൃദ്ധയായും അഭിനയത്തിന്റെ നാനാമുഖങ്ങൾ പ്രേക്ഷകരിലേക്ക് പകരാൻ ഒരു പരിധിവരെ ലളിതക്കായതും ഈ ചിത്രങ്ങളിലൂടെയാണ്. പിൻഗാമിക്കുശേഷം സത്യനും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിലും ലളിത പ്രധാന കഥാപാത്രമാണ്.
Generated from archived content: cinema2_oct12_05.html Author: cini_vision