സ്‌കൂൾ വിദ്യാർത്ഥികളെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റഹ്‌മാൻ അധ്യാപകവേഷമണിയുന്നു. രഞ്ജിത്തിന്റെ ‘ബ്ലാക്കി’ൽ പോലീസ് ഓഫിസറെ അവതരിപ്പിച്ച് മലയാളത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ റഹ്‌മാന് ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ലഭിക്കുന്ന അഭിനയ പ്രധാനമായ റോളാണിത്.
ഊട്ടിയിലെ ഗുഡ് ഷെപ്പേർഡ് സ്‌കൂൾ ആണ് കമൽ ചിത്രത്തിന്റെ ലൊക്കേഷൻ. റഹ്‌മാന്റെ അരങ്ങേറ്റ ചിത്രമായ കൂടെവിടെ ഈ സ്‌കൂളിലാണ് ചിത്രീകരിച്ചത്. അനശ്വര ചലചിത്രകാരൻ പത്മരാജൻ രൂപപ്പെടുത്തിയ രവി പുത്തൂരാൻ എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായി തിളങ്ങിയ റഹ്‌മാന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എൺപതുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഈ നടൻ പിന്നീട് തമിഴകം തട്ടകമാക്കുകയായിരുന്നു.
പ്രമോദ് പപ്പൻ സംവിധാനം ചെയ്യുന്ന ‘എബ്രഹാം ലിങ്കൺ’ ആണ് റഹ്‌മാന്റെ പുതിയ മലയാള ചിത്രം. പോലീസ് ഓഫീസറുടെ വേഷമാണിതിൽ. രാജമാണിക്യം, ഭാർഗവചരിതം മൂന്നാംഖണ്ഡം, മഹാസമുദ്രം എന്നിവയിലും ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചു.
കറുത്തപക്ഷികൾ എന്ന മമ്മൂട്ടി ചിത്രം പൂർത്തിയാക്കിയ ശേഷം കമൽ ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ നായികാനായകൻമാർ. മലയാളത്തിൽ ഒരുപറ്റം ക്യാമ്പസ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. റോഷൻ ആൻഡ്രൂസിന്റെ നോട്ട്‌ബുക്ക്‘ പ്ലസ്‌ടു വിദ്യാർത്ഥികളുടെ സുഖനൊമ്പരങ്ങളാണ് പ്രേക്ഷകരുമായി പങ്കുവയ്‌ക്കുന്നത്.
Generated from archived content: cinema2_nov10_06.html Author: cini_vision