സുരേഷ്‌ഗോപി പോലീസ് വേഷത്തിലെത്തുന്ന ‘ബൂട്ട്’ എന്ന സിനിമയിലൂടെ പ്രകാശ്‌രാജ് വീണ്ടും മലയാളത്തിൽ. ‘ചിന്താമണി കൊലക്കേസി’നുശേഷം ഷാജി കൈലാസ് -സുരേഷ്‌ഗോപി ടീം ഒന്നിക്കുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് പ്രകാശ് വീണ്ടും കേരളത്തിലെത്തുന്നത്. ക്രിയേറ്റീവ് ഇന്റർനാഷണലിന്റെ ബാനറിൽ ഗോപൻ നിർമിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ഒരു കൊലപാതകത്തെക്കുറിച്ചുളള പോലീസ് അന്വേഷണമാണ് ഈ ആക്‌ഷൻ ത്രില്ലർ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. ‘അച്ചുവിന്റെ അമ്മ’യിലൂടെ ശ്രദ്ധേയനായ രാജേഷ് ജയരാമൻ രചന നിർവ്വഹിക്കുന്നു.
ദിലീപ് നായകനായ ‘പാണ്ടിപ്പട’യിലാണ് പ്രകാശ്‌രാജ് ഒടുവിൽ മലയാളത്തിൽ എത്തിയത്. നെഗറ്റീവ് ടച്ചുളള കഥാപാത്രമായി മികച്ച പ്രകടനം കാഴ്‌ചവെച്ചെങ്കിലും ചിത്രത്തിന്റെ പരാജയം പ്രകാശിന് തിരിച്ചടിയായി. തമിഴകത്തെ പ്രമുഖ നിർമ്മാതാക്കളിൽ ഒരാളായ ഈ അഭിനയപ്രതിഭ പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ മുമ്പനാണ്. കെ.ബാലചന്ദറാണ് പ്രകാശ്‌രാജിലെ അഭിനേതാവിനെ കണ്ടെത്തിയത്. മണിരത്‌നത്തിന്റെ ‘ഇരുവറി’ൽ മോഹൽലാലിനൊപ്പം മത്സരാഭിനയം പുറത്തെടുത്ത പ്രകാശ് തമിഴകത്തെ ഒട്ടുമിക്ക സംവിധായകർക്കൊപ്പവും സഹകരിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങൾക്ക് ഒരു പ്രത്യേക മാനം തന്നെ ഈ നടൻ നൽകി.
Generated from archived content: cinema2_mar30_06.html Author: cini_vision