വിഖ്യാത ചലച്ചിത്രകാരൻ സന്തോഷ് ശിവന്റെ അന്താരാഷ്‌ട്ര സംരംഭങ്ങളിലൊന്നിൽ ദിലീപ് നായകനാകാൻ സാധ്യത തെളിഞ്ഞു. നന്ദിതാദാസ്, രാഹുൽ ബോസ്, ഇന്ദ്രജിത്ത് എന്നിവർ മുഖ്യവേഷക്കാരാകുന്നു. റോഡ് ടു ദി സ്‌കൈ പൂർത്തിയാക്കിയശേഷം സന്തോഷ് ഒരുക്കുന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് ജനപ്രിയനായകനെ പരിഗണിക്കുന്നത്. പൂർണമായും ലണ്ടനിൽ ചിത്രീകരിക്കുന്ന സിനിമയുടെ സ്‌ക്രിപ്‌റ്റ് സന്തോഷ് നിർമ്മതാക്കൾക്ക് കൈമാറി കഴിഞ്ഞു. നിർമ്മാതാക്കളുടെ അംഗീകാരം ലഭിച്ചശേഷം ദിലീപിന്റെ ഡേറ്റ് വാങ്ങാമെന്ന കണക്കുകൂട്ടലിലാണ് സംവിധായകൻ. ലണ്ടനിൽ മലയാളി റസ്‌റ്റോറന്റ് നടത്തുന്ന യുവാവാണ് ദിലീപിന്റെ കഥാപാത്രം. ഈ റസ്‌റ്റോറന്റ് കേന്ദ്രീകരിച്ചു നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം വികാസം പ്രാപിക്കുന്നത്.
കമലിന്റെ പച്ചക്കുതിരയിൽ ഇരട്ടനായകരെ അവതരിപ്പിച്ചു വരികയാണ് ദിലീപ്. ആനന്ദക്കുട്ടൻ-ആകാശ്‌മേനോൻ എന്നീ പ്രായവ്യത്യാസമുളള സഹോദരൻമാർ ദിലീപിന്റെ കൈയിൽ ഭദ്രമാണ്. ഗോപികയാണ് നായിക.
പച്ചക്കുതിര പൂർത്തിയാക്കിയശേഷം ദിലീപ് രാജ് ബാബൂവിന്റെ ‘ചെസ് എന്ന സിനിമയിലാണ് ജോയിൻ ചെയ്യുന്നത്. മാർച്ച് 20ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ ഭാവനയാണ് ദിലീപിന്റെ ജോഡി. മഹിയാണ് ചെസ് നിർമ്മിക്കുന്നത്. ഇതിനിടയിൽ ഫാസ്‌റ്റ് ട്രാക്ക് ധൃതിപിടിച്ചു തീർക്കേണ്ടതുണ്ട് ദിലീപിന്. സ്‌പോർട്‌സ് താരം അർജുൻ ഈ നടനു ലഭിക്കുന്ന വ്യത്യസ്‌തമായ കഥാപാത്രമാണ്.
Generated from archived content: cinema2_mar1_06.html Author: cini_vision