കെ.മധു സംവിധാനം ചെയ്യുന്ന പതാകയിൽ ഷീലക്ക് ശ്രദ്ധേയമായ കഥാപാത്രം. സുരേഷ്‌ഗോപി നായകനാകുന്ന സിനിമയിൽ ഷീല ഇതാദ്യമാണ്. രണ്ടാംവരവിൽ മറ്റു സൂപ്പർതാരങ്ങൾക്കൊപ്പം ചിത്രങ്ങൾ പൂർത്തിയാക്കിയ ഷീല മികച്ച വേഷങ്ങൾ ലഭിക്കാത്തതുകൊണ്ട് ഇൻഡസ്‌ട്രിയിൽ നിന്നും പിൻവലിഞ്ഞു നിൽക്കുകയായിരുന്നു. രാഷ്‌ട്രീയക്കാരി എലിസബത്ത് മാമൻ ഷീലയെ വീണ്ടും ശ്രദ്ധേയമാക്കിയേക്കും. സുരേഷ്‌ഗോപി അവതരിപ്പിക്കുന്ന ജോർജ് തരിയൻ എന്ന രാഷ്‌ട്രീയ നേതാവിന്റെ അമ്മയായാണ് ഷീല വേഷമിടുന്നത്. രേണുകാ മേനോൻ, നവ്യനായർ, സിന്ധുമേനോൻ എന്നിവരാണ് നായികനിരയിൽ. ജഗതി, സായികുമാർ, സിദ്ദിഖ്, മനോജ് കെ.ജയൻ, ബാലചന്ദ്രമേനോൻ, രാജൻ പി.ദേവ്, ബാബു ആന്റണി, വിജയകുമാർ, മധുപാൽ, നിഷാന്ത് സാഗർ, അരുൺ, ബിന്ദുപണിക്കർ, അഖില തുടങ്ങി വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന പതാക ഏപ്രിലിൽ തിയറ്ററുകളിലെത്തും.
മയൂര എന്റർപ്രൈസസിന്റെ ബാനറിൽ നിർമ്മിക്കുന്ന പതാകയുടെ രണ്ടാംഘട്ട ചിത്രീകരണം എറണാകുളത്ത് നടക്കും. ‘നേരറിയാൻ സി.ബി.ഐ’ക്കുശേഷം കെ.മധു ഒരുക്കുന്ന ചിത്രമാണ് പതാക.
‘അകലെ’യിലൂടെ ദേശീയ-സംസ്ഥാന പുരസ്‌കാരം നേടിയ ഷീല ചെറിയൊരു ഇടവേളക്കുശേഷം മലയാളത്തിലെത്തുകയാണ്. മമ്മൂട്ടിയുടെ ‘തസ്‌കരവീരൻ’ ആണ് ഒടുവിൽ അഭിനയിച്ച മലയാള ചിത്രം.
Generated from archived content: cinema2_mar15_06.html Author: cini_vision