നവ്യാനായർ വീണ്ടും മോഹൻലാലിെൻ നായികയാവുന്നു. ഷാജി കൈലാസിന്റെ ‘അലിഭായി’യിലാണ് നവ്യ സൂപ്പർതാരത്തിനൊപ്പം സഹകരിക്കുന്നത്. ചിത്രത്തിലെ രണ്ടു നായികമാരിൽ ഒരാൾ ഗോപികയാണ്. താരനിർണയം പൂർത്തിയാകുന്ന ഘട്ടത്തിലാണ് നവ്യ പ്രോജക്ടിൽ കയറിപ്പറ്റിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമയിൽ നൂറിലധികം താരങ്ങൾ അണിനിരക്കുന്നുണ്ട്.
കെ. മധുവിന്റെ ചതുരംഗം ആണ് മോഹൻലാൽ-നവ്യ ജോഡി ഒന്നിച്ചഭിനയിച്ച ആദ്യസിനിമ. ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടാതിരുന്നത് വീണ്ടും ഇവർ ഒന്നിക്കാനുള്ള സാധ്യതയ്‌ക്ക് മങ്ങലേൽപ്പിച്ചു.
യുവനായിക ഗോപിക ആദ്യമായി മോഹൻലാലിന്റെ നായികയാകുന്ന ചിത്രത്തിലൂടെ മലയാളത്തിൽ തിരിച്ചെത്തുന്നത് നവ്യയ്‌ക്ക് ഗുണം ചെയ്യുമോ എന്ന സംശയവും ഉയർന്നു കേൾക്കുന്നുണ്ട്. തമിഴ്-കന്നഡ ചിത്രങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുന്ന നവ്യ മാതൃഭാഷയിൽ നല്ല കഥാപാത്രത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
കരിയറിന്റെ ആദ്യഘട്ടത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ജോഡിയാവാൻ മടി കാണിച്ചിരുന്ന യുവനായികമാരുടെ കൂട്ടത്തിൽ പ്രമുഖയായിരുന്നു നവ്യ. മീരാ ജാസ്മിൻ, ഗോപിക, കാവ്യാ മാധവൻ തുടങ്ങിയ നായികമാരെല്ലാം ഇപ്പോൾ സൂപ്പർതാരങ്ങളുടെ ജോഡിയാകാൻ തിരക്കുകൂട്ടുന്ന കാഴ്‌ചയാണ്.
Generated from archived content: cinema2_june1_07.html Author: cini_vision