ജോണി ആന്റണിയുടെ ‘തുറുപ്പുഗുലാനി’ൽ മമ്മൂട്ടിയുടെ നായികയായി സ്‌നേഹ വീണ്ടും മലയാളക്കരയിലെത്തുന്നു. തിങ്കളാഴ്‌ച കൊച്ചിയിൽ ചിത്രീകരണമാരംഭിക്കുന്ന തുറുപ്പുഗുലാൻ കോമഡിക്ക് പ്രാധാന്യം നൽകിയാണ് ജോണി ഒരുക്കുന്നത്.
ഗുലാൻ കുഞ്ഞുമോൻ എന്ന കരിയറിലെ തികച്ചും വ്യത്യസ്‌തമായ വേഷമാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തിൽ. തട്ടുകടക്കാരൻ കൊച്ചു തോമയുടെ മകനായ കുഞ്ഞുമോന്റെ വിളിപ്പേരാണ് ഗുലാൻ കുഞ്ഞുമോൻ. അടിയന്തര ഘട്ടങ്ങളിൽ കൊച്ചു തോമ പുറത്തെടുക്കുന്ന തുറുപ്പു ചീട്ടാണ് മകൻ കുഞ്ഞുമോൻ. ഒരു പ്രത്യേക സാഹചര്യത്തിൽ അപ്പന്റെ സുഹൃത്തിന്റെ തട്ടുകടയിലേക്ക് മാറ്റപ്പെട്ട കുഞ്ഞുമോൻ അവിടെയും പ്രശ്‌നക്കാരനാകുന്നു. പ്രതികരണശേഷി കൂടുതലുളള കുഞ്ഞുമോൻ നാട്ടുകാർക്കും പ്രിയങ്കരനാകുന്നു. ഐ.വി. ശശിയുടെ ബൽറാം V/S താരാദാസ് പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ജോണിയുടെ സെറ്റിൽ എത്തുന്നത്.
താരമായി മാറിയശേഷം സ്‌നേഹ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്നതാണ് ഈ മമ്മൂട്ടി ചിത്രത്തിന്റെ പ്രത്യേകതകളിലൊന്ന്. വിദേശപഠനം കഴിഞ്ഞ് നാട്ടിലെത്തുന്ന ലക്ഷ്‌മി എന്ന കഥാപാത്രമാണ് രണ്ടാമൂഴത്തിൽ സ്‌നേഹയെ തേടിയെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ കുഞ്ഞുമോനൊപ്പം നിൽക്കുന്ന ശക്തമായ കഥാപാത്രമാണ് ലക്ഷ്‌മി. ജീവിതയാഥാർത്ഥ്യങ്ങളെ ധീരതയോടെ നേരിടുന്ന ലക്ഷ്‌മി സ്‌നേഹയെ മലയാളത്തിൽ ഡിമാന്റുളള നായികയാക്കിയേക്കും. അനിൽബാബുമാർ ‘ഇങ്ങനെ ഒരു നിലാപക്ഷി’യിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അവതരിപ്പിച്ച പുതുമുഖം മാനസിയാണ് തമിഴിൽ സ്‌നേഹയായി വാനോളം ഉയർന്നത്.
ജഗതി ശ്രീകുമാർ, ഇന്നസെന്റ്, ദേവൻ, ഹരിശ്രീ അശോകൻ, സലിംകുമാർ, തമിഴ് നടൻ രാജ്‌കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തുറുപ്പുഗുലാന്റെ രചന ഉദയ്‌കൃഷ്‌ണ-സിബി കെ.തോമസ് ടീമിന്റേതാണ്.
ഗ്യാലക്‌സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീലാണ് തുറുപ്പു ഗുലാൻ നിർമ്മിക്കുന്നത്.
Generated from archived content: cinema2_jan11_06.html Author: cini_vision