‘തൊമ്മനും മക്കളും’ എന്ന സൂപ്പർ ഹിറ്റിനു ജന്മം നൽകിയ മമ്മൂട്ടിയും ഷാഫിയും വീണ്ടും. വൈശാഖ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടിയാണ് ഇവർ ഒന്നിക്കുന്നത്. ഷാഫിയുടെ ഗുരുനാഥന്മാരായ റാഫി-മെക്കാർട്ടിൻമാർ തിരക്കഥ രചിക്കുന്നു. നർമത്തിനു പ്രാധാന്യം നൽകുന്നതാണ് ചിത്രം.
കോമഡി കഥാപാത്രങ്ങൾ തനിക്കു വഴങ്ങുമെന്ന് മമ്മൂട്ടി തെളിയിച്ചത് ‘തൊമ്മനും മക്കളി’ലൂടെയാണ്. ‘രാജമാണിക്യം’ പോലൊരു ഹിറ്റ് നൽകാനായതിൽ ഈ ചിത്രത്തിന്റെ വിജയം നൽകിയ ആത്മവിശ്വാസം വലിയ പങ്കുവഹിച്ചു. തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന ബെല്ലാരി രാജയെ മമ്മൂട്ടി അനശ്വരമാക്കുകയും ചെയ്‌തു.
മമ്മൂട്ടി ഇപ്പോൾ സഹകരിക്കുന്ന സിനിമയും കോമഡിക്ക് പ്രാധാന്യമുളളതാണ്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ‘തുറുപ്പുഗുലാൻ’ ടൈറ്റിലിൽ തന്നെ കോമഡി സ്‌പർശമുണർത്തുന്നു. അടിയന്തര ഘട്ടങ്ങളിൽ പിതാവ് പുറത്തെടുക്കുന്ന തുറുപ്പുചീട്ടാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ‘ഗുലാൻ കുഞ്ഞുമോൻ’. ക്യാരക്‌ടർ റോളുകൾ മാത്രം മമ്മൂട്ടിക്കുവേണ്ടി സൃഷ്‌ടിച്ചിരുന്ന തിരക്കഥാകൃത്തുക്കൾ ചുവടുമാറാൻ ഒരുങ്ങുകയാണത്രേ. രാജമാണിക്യത്തിന്റെ അഭൂതപൂർവ്വമായ വിജയമാണ് ഇവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതത്രേ.
‘മജ’യിലൂടെ തമിഴിൽ പ്രവേശിച്ചെങ്കിലും ചിത്രത്തിന്റെ പരാജയം ഷാഫിക്ക് തിരിച്ചടിയായി. വൻ പ്രതീക്ഷയോടെ പൊങ്കലിന് തിയേറ്ററിലെത്തിയ ‘തൊമ്മനും മക്കളും’ തമിഴ് റീമേക്ക് വിക്രമിന്റെ കരിയറിലും കരിനിഴൽ പടർത്തി.
Generated from archived content: cinema2_feb22_06.html Author: cini_vision