ലാൽജോസ് സംവിധാനം ചെയ്യുന്ന ‘ക്ലാസ്‌മേറ്റ്‌സ്’ യുവനായകരുടെ സംഗമം കൊണ്ട് ശ്രദ്ധേയമാകുന്നു. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവർ ഇടവേളക്കുശേഷം ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. കമലിന്റെ ‘സ്വപ്‌നക്കൂടി’ലാണ് ഇവർ ഒടുവിൽ ഒന്നിച്ചത്. ‘അച്‌ഛനുറങ്ങാത്ത വീട്’ പൂർത്തിയാക്കിയ ശേഷമാണ് ലാൽജോസ് ഈ ‘അടിപൊടി’ ചിത്രം ഒരുക്കുന്നത്. തികച്ചും ഗൗരവമായ പ്രമേയമാണ് സലിംകുമാർ നായകനായുളള ‘അച്‌ഛനുറങ്ങാത്ത വീട്ടി’ലൂടെ സംവിധായകൻ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.
കരിയറിൽ ഉണ്ടായ വീഴ്‌ചകൾ തിരിച്ചറിഞ്ഞ് അതീവ ശ്രദ്ധയോടെ മുന്നേറാനുളള തീരുമാനത്തിലാണ് യുവനായകർ. തമിഴിൽ ഭാഗ്യരാജ് ചിത്രത്തിലൂടെ താരകിരീടം ഉറപ്പിക്കാമെന്ന് പ്രതീക്ഷിക്കുന്ന പൃഥ്വിരാജിന് മലയാളത്തിലും അവസരങ്ങൾ നിറയുകയാണ്. ചിത്രങ്ങളുടെ വിജയസാധ്യത നോക്കിയാണ് പൃഥ്വി ഇപ്പോൾ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.
വിവാഹജീവിതത്തിലേക്ക് കാലൂന്നിയ കുഞ്ചാക്കോ ബോബനും ജയസൂര്യയും പൃഥ്വിയുടെ വഴിതന്നെയാണ് തിരഞ്ഞെടുത്തിട്ടുളളത്. ഇരുവരും ഒന്നിച്ച ‘കിലുക്കം കിലുകിലുക്കം’ പുറത്തിറങ്ങിയശേഷം പുതിയ ചിത്രങ്ങൾ മതി എന്ന തീരുമാനത്തിലാണ് കുഞ്ചാക്കോ. ചിത്രങ്ങൾ വാരിവലിച്ചു ചെയ്യുന്നതിൽ യുവനായകന് താൽപര്യമില്ലത്രേ.
മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനായതിന്റെ ത്രില്ലിലാണ് ജയസൂര്യ. ബസ് കണ്ടക്‌ടർ, കിലുക്കം കിലുകിലുക്കം എന്നീ ചിത്രങ്ങളുടെ വിജയം അതുകൊണ്ടുതന്നെ ഈ താരത്തിന് നിർണായകമാണ്. ഗുരു വിനയന്റേതടക്കം അരഡസനിലധികം ചിത്രങ്ങൾ ഇപ്പോൾ ജയന്റെ കയ്യിലുണ്ട്. തമിഴ് ചിത്രം ‘മനതോട് മഴൈക്കാല’ത്തിൽ ശ്യാമിനൊപ്പം ശ്രദ്ധേയ വേഷമാണ്. അർപ്പുതൻ ആണ് സംവിധായകൻ.
Generated from archived content: cinema2_dec7_05.html Author: cini_vision