ദക്ഷിണേന്ത്യൻ-ഉത്തരേന്ത്യൻ ഭാഷകളിൽ ഒരേപോലെ തിളങ്ങിയിട്ടുളള നന്ദിതാദാസ് സാഹിത്യകാരിയായി പ്രേക്ഷകർക്കു മുന്നിലെത്തുന്നു. നടനും സംവിധായകനുമായ അമോൽ പാലേക്കറിന്റെ ഭാര്യ ചിത്ര പാലേക്കർ നിർമ്മിക്കുന്ന മറാത്തി ചിത്രത്തിലാണ് നന്ദിത എഴുത്തുകാരിയുടെ ഭാവഹാവാദികൾ ഉൾക്കൊളളുന്നത്. ജ്ഞാനപീഠം ജേത്രി മഹാശ്വേതാദേവിയുടെ കഥാപാത്രത്തിനാണ് നന്ദിത ജീവൻ നൽകുന്നത്. മലയാളം ഉൾപ്പെടെ ആറു ഭാഷകളിൽ ചിത്രം മൊഴിമാറ്റം ചെയ്യാനും അണിയറശിൽപ്പികൾക്ക് ഉദ്ദേശ്യമുണ്ട്.
ദീപാമേത്തയുടെ വിവാദ ചിത്രം ‘ഫയർ’ ആണ് നന്ദിതാദാസിന്റെ ആദ്യ സിനിമ. ശരാശരി ഇന്ത്യൻ സ്‌ത്രീയുടെ പ്രതിരൂപമായി നന്ദിത സ്‌ക്രീനിൽ നിറഞ്ഞപ്പോഴെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. വി.കെ.പ്രകാശിന്റെ കന്നിച്ചിത്രം ‘പുനരധിവാസ’ത്തിലൂടെയാണ് മലയാളത്തിലെത്തിയത്. ജയരാജിന്റെ ‘കണ്ണകി’യിൽ ടൈറ്റിൽ വേഷത്തിൽ എത്തിയതോടെ നന്ദിത മലയാളികളുടെ പ്രിയങ്കരിയായി. തമിഴിലും ഈ നടി തനതുസ്ഥാനം നേടി. മമ്മൂട്ടിയുടെ നായികയായി ‘വിശ്വതുളസി’യിൽ ഈ താരം പ്രത്യക്ഷപ്പെട്ടു. കാൻ ഫെസ്‌റ്റിവലിൽ ജൂറി അംഗമായി ശ്രദ്ധ നേടിയതോടെ നന്ദിതയെ തേടി അന്താരാഷ്‌ട്ര സംരംഭങ്ങളും എത്തി. സന്തോഷ് ശിവന്റെ ഹോളിവുഡ് അരങ്ങേറ്റത്തിലും ഈ സുന്ദരിതന്നെയാണ് നായിക. ബ്രിട്ടീഷുകാരനായ ഉദ്യോഗസ്ഥനെ പ്രണയിക്കുന്ന മലയാളി യുവതിയായാണ് ഈ ചിത്രത്തിൽ എത്തുന്നത്. ഇന്ദ്രജിത്ത് നന്ദിതയുടെ സഹോദരനായും വേഷമിടുന്നു.
Generated from archived content: cinema2_apr05_06.html Author: cini_vision