മലയാളത്തിലെ ഹിറ്റ് ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നതിന്റെ തിരക്കാണ് സംവിധായകൻ പ്രിയദർശന്. സ്വന്തം ചിത്രങ്ങൾ ഹിന്ദിയിലേക്ക് പറിച്ചുനടുന്നതിനു പുറമെ മറ്റു മലയാളം ഹിറ്റുകളും ബോളിവുഡിനെ പരിചയപ്പെടുത്താനൊരുങ്ങുകയാണിദ്ദേഹം. റാഫീ മെക്കാർട്ടിന്റെ ‘പഞ്ചാബി ഹൗസ്’ ആണ് പ്രിയനിപ്പോൾ ഭാഷാന്തരം ചെയ്‌തു വരുന്നത്. താളവട്ടം, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങളുടെ ഹിന്ദി പതിപ്പായ ക്യോംകി, ഖരംമസാല എന്നിവ ദീപാവലി ചിത്രങ്ങളായി ബോളിവുഡിൽ എത്തുകയായി.
ഇക്കാലയളവിൽ ‘മാലാമാൽ വീക്ക്‌ലി’ എന്നൊരു സ്വതന്ത്ര ചിത്രം മാത്രമാണ് പ്രിയനൊരുക്കിയിട്ടുളളത്. ഓംപുരി നായകനായ ഈ ചിത്രത്തിൽ ബിനീഷ് കോടിയേരിയും അഭിനയിക്കുന്നുണ്ട്. കോമഡി ചിത്രം തന്നെയാണിതും.
‘കിലുക്ക’ത്തിന്റെ രണ്ടാം ഭാഗമായ ‘കിലുക്കം കിലുകിലുക്കം’ എന്ന ചിത്രത്തിൽ പ്രിയൻ അഭിനയിക്കാനെത്തുന്നുണ്ട്. സന്ധ്യാമോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘നരേറ്റ’റുടെ വേഷമാണ് പ്രിയന്. ചിത്രത്തിന്റെ ആദ്യഭാഗത്താണ് പ്രിയൻ എത്തുന്നത്.
Generated from archived content: cinema1_sept14_05.html Author: cini_vision