നീണ്ട ഇടവേളക്കുശേഷം ഗോപിക ആദ്യനായകൻ ജയസൂര്യയുടെ ജോഡിയാകുന്നു. ബി.ഉണ്ണികൃഷ്‌ണൻ സുരേഷ്‌ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘സ്‌മാർട്ട്‌സിറ്റി’യിലാണ് ജയസൂര്യ-ഗോപിക ജോഡി വീണ്ടും ഒരുമിക്കുന്നത്. സുരേഷ്‌ഗോപി അധോലോകനായകൻ മാധവനായി എത്തുന്ന ചിത്രത്തിൽ വൻതാരനിരതന്നെ അണിനിരക്കുന്നുണ്ട്. കൊച്ചി നഗരം കൈപ്പിടിയിലൊതുക്കിയ മാധവനായി തികച്ചും വ്യത്യസ്‌തമായ മാനറിസങ്ങളോടെയാണ് സൂപ്പർതാരം എത്തുന്നത്. അധോലോകത്തിന്റെ കുടിപ്പക കൃത്യതയോടെ പകർത്തിവെക്കാനാണ് ഈ ആക്‌ഷൻ ചിത്രത്തിലൂടെ സംവിധാകൻ ശ്രമിക്കുന്നത്.
തുളസീദാസിന്റെ ‘പ്രണയമണിത്തൂവൽ’ ആണ് ജയസൂര്യ-ഗോപിക ജോഡിയുടെ ആദ്യചിത്രം. സിനിമാപ്രവേശം അന്ന് താരതമ്യേന പോപ്പുലറല്ലാത്ത ജയസൂര്യ, വിനീത്‌കുമാർ എന്നിവർക്കൊപ്പമായത് പുതുമുഖ നായിക എന്ന നിലയിൽ ഗോപികക്ക് തിരിച്ചടിയായിരുന്നു. ആദ്യചിത്രം ബോക്‌സ്‌ഓഫീസിൽ തകർന്നു വീണതോടെ അൺലക്കി നായിക എന്ന ലേബലും കിട്ടി. ചേരന്റെ ‘ഓട്ടോഗ്രാഫ്’, ജയരാജിന്റെ ‘ഫോർ ദി പീപ്പിൾ’ എന്നീ ചിത്രങ്ങൾ വൻവിജയങ്ങളായതോടെ തമിഴിലും മലയാളത്തിലും ഗോപിക മുൻനിരയിലെത്തുകയായിരുന്നു. ചുരുങ്ങിയ കാലയളവിനുളളിൽ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളിലെല്ലാം സഹകരിച്ചു കഴിഞ്ഞു ഈ തൃശൂർക്കാരി. ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നെല്ലാം അവസരങ്ങളെത്തുന്നുണ്ടെങ്കിലും മാതൃഭാഷയിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
‘ക്ലാസ്‌മേറ്റ്‌സി’ലൂടെ ജയസൂര്യ ജനപ്രീതി തിരിച്ചുപിടിച്ചിരിക്കുകയാണ്. മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചു കഴിഞ്ഞ ജയസൂര്യ സുരേഷ്‌ഗോപിയുമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘സ്‌മാർട്ട്‌സിറ്റിക്കു’ണ്ട്. ‘ചങ്ങാതിപ്പൂച്ച’യാണ് ജയൻ നായകനാകുന്ന പുതിയ ചിത്രങ്ങളിലൊന്ന്.
Generated from archived content: cinema1_oct12_2006.html Author: cini_vision