പ്ലസ്‌ടു വിദ്യാർത്ഥി, വികലാംഗൻ, സ്‌ത്രൈണത തുളുമ്പുന്ന നായകൻ, കായികതാരം തുടങ്ങി ഒട്ടനവധി അനശ്വര കഥാപാത്രങ്ങൾക്കു ജന്മം നൽകിയ ദിലീപ് രാഷ്‌ട്രീയക്കാരന്റെ മാനറിസങ്ങൾ ഉൾക്കൊളളുന്നതിന്റെ തിരക്കിലാണ്. ജോഷി സംവിധാനം ചെയ്യുന്ന ‘ലയണി’ലാണ് ജനപ്രിയനായകന്റെ പുതിയ പരകായപ്രവേശം. വിദ്യാർത്ഥി രാഷ്‌ട്രീയത്തിലൂടെ വളർന്ന നേതാവ് കൃഷ്‌ണകുമാറിന്റെ ചിന്തകളാണ് ദിലീപിനിപ്പോൾ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ജയറാം തുടങ്ങിയ നായകരെല്ലാം ഇതിനകം രാഷ്‌ട്രീയ നേതാവായി തിളങ്ങിയിട്ടുണ്ടെങ്കിലും ദിലീപ് രാഷ്‌ട്രീയക്കാരനാകുന്നത് ഇതാദ്യമാണ്. സത്യസന്ധനും നിസ്വാർത്ഥനുമായ കൃഷ്‌ണകുമാറിന് നേരിടേണ്ടിവരുന്ന ജീവിതാനുഭവങ്ങളാണ് ജോഷി പുതിയ ചിത്രത്തിലൂടെ പറയുന്നത്. രാഷ്‌ട്രീയത്തിനുവേണ്ടി ജീവിതം സമർപ്പിച്ച കൃഷ്‌ണകുമാറിനെ കുടുംബാംഗങ്ങൾ ഒറ്റപ്പെടുത്തുന്നതും മറ്റുമാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്. ദിലീപ് കൃഷ്‌ണകുമാറാകുമ്പോൾ, കാവ്യമാധവൻ കാമുകീ വേഷത്തിലെത്തുന്നു. ഭാഗ്യജോഡി വീണ്ടും ഒന്നിക്കുന്ന ‘ലയണി’ൽ അതിഥിതാരമായി കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നു. ഇന്നസെന്റ്, ജഗതി ശ്രീകുമാർ, സായികുമാർ, വിജയരാഘവൻ, കൊച്ചിൻ ഹനീഫ, ഭീമൻരഘു, മധുപാൽ, കലാശാല ബാബു, സജി സോമൻ, റിയാസ് ഖാൻ, ഷമ്മി തിലകൻ, കാർത്തിക, സുവർണ മാത്യു, ബിന്ദു പണിക്കർ തുടങ്ങിയ വൻ താരനിര തന്നെയുണ്ട്.
ഉദയ്‌കൃഷ്‌ണ-സിബി കെ.തോമസ് ജോഡിയാണ് ലയണിന്റെ തിരക്കഥാകൃത്തുക്കൾ. ജോഷിയുടെ ‘നരന്’ ഈണം പകർന്ന ദീപക് ദേവിന് തന്നെയാണ് സംഗീതസംവിധാന ചുമതല. സുരേഷ് ഗോപി രാഷ്‌ട്രീയക്കാരന്റെ വേഷം കെട്ടുന്ന ‘രാഷ്‌ട്ര’വും അണിയറയിൽ പുരോഗമിക്കുകയാണ്.
Generated from archived content: cinema1_nove16_05.html Author: cini_vision