ലെനിൻ രാജേന്ദ്രന്റെ പുതിയ ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഭാനുപ്രിയ വീണ്ടും മലയാളത്തിലെത്തുന്നു. മീരാജാസ്‌മിനൊപ്പം തുല്യപ്രാധാന്യമുളള റോളിലാണ് നായിക തിരിച്ചുവരവ് നടത്തുന്നത്. സുനിൽ നായകനാകുന്ന സിനിമയിൽ ലാലു അലക്‌സ്, ജഗതി ശ്രീകുമാർ എന്നിവരും പ്രധാനവേഷത്തിലുണ്ട്. സംവിധായകൻ തന്നെ രചന നിർവഹിക്കുന്നു.
വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങളിലാണ് ഭാനുപ്രിയ അഭിനയിച്ചിട്ടുളളത്. തമിഴിൽ ഒന്നാം നിരക്കാരിയായി തിളങ്ങി നിൽക്കുമ്പോൾ രാജശിൽപിയിൽ മോഹൻലാലിന്റെ നായികയായാണ് തുടക്കം. ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവെച്ചിട്ടും ചിത്രത്തിന്റെ പരാജയം തിരിച്ചടിയായി. ഋഷ്യശൃംഗൻ എന്ന ചിത്രത്തിനും ഇതുതന്നെയായിരുന്നു വിധി. ലെനിൻ രാജേന്ദ്രന്റെ കുലത്തിൽ ചരിത്ര നായിക സുഭദ്രയായി തകർപ്പൻ പ്രകടനം കാഴ്‌ചവെച്ചിട്ടും പുരസ്‌കാരങ്ങളൊന്നും ഭാനുപ്രിയയെ തേടിയെത്തിയില്ല. സത്യൻ അന്തിക്കാടിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങൾ, കമലിന്റെ അഴകിയ രാവണൻ, മഞ്ഞുപോലൊരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ കരുത്തുറ്റ കഥാപാത്രങ്ങളായിരുന്നു. മഞ്ഞുപോലൊരു പെൺകുട്ടിയിലെ അമ്മവേഷം മികച്ചതായിരുന്നുവെങ്കിലും പിന്നീടും അമ്മ റോളിലേക്കാണ് ക്ഷണം ലഭിച്ചത്. കുഞ്ചാക്കോ ബോബന്റെ അമ്മയായി എത്തിയ ഹൃദയത്തിൽ സൂക്ഷിക്കാൻ പരാജയമായിരുന്നു.
സംവിധായകരെ വിസ്‌മയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്‌ചവെക്കുന്ന അപൂർവ്വം നായികമാരിൽ ഒരാളാണ് ഭാനു. തന്റെ നായികമാരിൽ ഒന്നാംകിട അഭിനേത്രിയായി സംവിധായകൻ പ്രിയദർശൻ ഭാനുപ്രിയയെ വിലയിരുത്തിയത് ചലച്ചിത്രവൃത്തങ്ങളിൽ സംസാരമായിരുന്നു. ലെനിൻ രാജേന്ദ്രൻ ചിത്രം ഭാനുപ്രിയയുടെയും മീരാജാസ്‌മിന്റെയും അഭിനയ പോരാട്ടത്തിന്റെ വേദിയാകുമെന്നാണ് പൊതുവെയുളള സംസാരം.
Generated from archived content: cinema1_nov9_05.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English