ഇന്ത്യയിലെ എക്കാലത്തെയും മികച്ച താരം അമിതാഭ് ബച്ചൻ മലയാള സിനിമയിൽ അഭിനയിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ വിനയനാണ് ബിഗ്‌ബിയെ മലയാളത്തിൽ അവതരിപ്പിക്കുന്നത്. പ്രമുഖ വ്യവസായി ബി.എസ് നായരും ‘ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കനി’ലൂടെ ശ്രദ്ധേയനായ സതീഷ് നായരും ചേർന്ന് നിർമിക്കുന്ന പ്രോജക്ടിൽ ബച്ചനൊപ്പം തമിഴ്-മലയാളം സിനിമയിലെ അഞ്ചു യുവനായകരും അണിനിരക്കും.
ഒരു റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചുള്ളതാണ് വിനയൻ ചിത്രം. കഥാപാത്രത്തിന് ഏറ്റവും ഇണങ്ങുമെന്നതിനാലാണ് അണിയറക്കാർ ബച്ചനെ കാസ്‌റ്റ് ചെയ്തതത്രേ. എന്തായാലും ബച്ചൻ പോലീസ് വേഷത്തിലെത്തി മലയാളം പറയുന്നത് പ്രേക്ഷകരിൽ കൗതുകമുണർത്തും.
ബഹുഭാഷാ പ്രോജക്ടായതിനാൽ മൊഴിമാറ്റി ഇന്ത്യയിലെമ്പാടും ചിത്രം പ്രദർശിപ്പിച്ചേക്കും. ബിഗ്‌ബിയുമായി കഥാചർച്ചകൾ നടത്താൻ വിനയനും നിർമാതാക്കളും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ബച്ചനൊപ്പം ‘ആഗ്’ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചതിനു പിന്നാലെ ബിഗ്‌ബി മലയാളത്തിൽ എത്തുന്നത് ചലച്ചിത്രവൃത്തങ്ങളിൽ സംസാരവിഷയമായിക്കഴിഞ്ഞു.
Generated from archived content: cinema1_nov13_07.html Author: cini_vision