മോഹൻലാലും ലാൽജോസും ഒന്നിക്കുന്നു; ഫാസിൽ നിർമ്മാതാവ്‌

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ‘ഒരു മറവത്തൂർ കനവ്‌’, ‘പട്ടാളം’ എന്നീ സിനിമകളൊരുക്കിയ ലാൽജോസ്‌ മോഹൻലാൽ ചിത്രവുമായി എത്തുന്നു. ലാൽജോസും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‌ ഇനിയും പ്രത്യേകതകളേറേയുണ്ട്‌. പ്രശസ്‌ത സംവിധായകൻ ഫാസിലാണ്‌ നിർമ്മാതാവ്‌. തിരക്കഥ ഒരുക്കുന്നത്‌ ‘ക്ലാസ്‌മേറ്റ്‌സി’ലൂടെ മുൻനിരയിലെത്തിയ ജയിംസ്‌ ആൽബർട്ടും. മമ്മൂട്ടിയെ നായകനാക്കി ഹിറ്റ്‌ സിനിമ ക്രോണിക്‌ ബാച്ചിലർ നിർമ്മിച്ച ഫാസിലിന്‌ മോഹൻലാൽ ചിത്രത്തിലും ഏറെ പ്രതീക്ഷയാണത്രെ.

ശ്രീനിവാസൻ, ദിലീപ്‌ എന്നിവർ നായകരാകുന്ന രണ്ടു ചിത്രങ്ങൾ പൂർത്തിയാക്കിയശേഷം ലാൽജോസ്‌ മോഹൻലാൽ പ്രോജക്ടുമായി മുന്നോട്ടുപോകും. ദിലീപിനെ സൂപ്പർതാര പദവിയിലേക്ക്‌ ഉയർത്തിയത്‌ ലാൽജോസിന്റെ മിശമാധവനാണ്‌.

മോഹൻലാലിനെ തേടി നിരവധി പ്രോജക്ടുകളാണ്‌ ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്‌. പ്രമുഖ സംവിധായകരും വമ്പൻ ബാനറുകളും സൂപ്പർതാരത്തിന്റെ സമ്മതത്തിന്‌ കാതോർക്കുകയാണ്‌. ഷാജി കൈലാസിന്റെ ‘ബാബ കല്യാണി’യാണ്‌ ചിത്രീകരണം പൂർത്തിയാകുന്ന ലാൽ ചിത്രം. അൻവർ റഷീദ്‌, റാഫി മെക്കാർട്ടിൻ, സിബി മലയിൽ, റോഷൻ ആൻഡ്രൂസ്‌, ജോഷി, കെ.മധു, ടി.എസ്‌. സുരേഷ്‌ബാബു എന്നീ പ്രഗത്ഭരുടെ ചിത്രങ്ങളിലാണ്‌ ലാൽ തുടർന്ന്‌ സഹകരിക്കുന്നത്‌. ഇവയെല്ലാം പൂർത്തീകരിച്ച ശേഷമാകും ലാൽ ജോസിന്റെ സംവിധാനത്തിൻ കീഴിൽ അഭിനയിക്കുക.

Generated from archived content: cinema1_nov10_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here