പത്മപ്രിയ മലയാളം കീഴടക്കുന്നു

സൂപ്പർതാരങ്ങൾക്കൊപ്പം അണിനിരന്ന ചിത്രങ്ങളെല്ലാം വൻഹിറ്റുകളായത്‌ പത്മപ്രിയയെ മലയാളത്തിലെ ഏറ്റവും ഡിമാന്റുളള നായികയാക്കുന്നു. ജയരാജിന്റെ സുരേഷ്‌ഗോപി ചിത്രം ‘അശ്വാരൂഢൻ’ പൂർത്തിയാക്കിയ മറുനാടൻ നായിക മമ്മൂട്ടിയുടെ ‘ഭാഗവതചരിതം മൂന്നാം ഖണ്‌ഡ’ത്തിലാണ്‌ തുടർന്നഭിനയിക്കുന്നത്‌. ശ്രീനിവാസൻ മെനഞ്ഞെടുക്കുന്ന ശക്തമായ സ്‌ത്രീകഥാപാത്രമാകാനുളള നിയോഗമാണ്‌ ഈ ചിത്രത്തിൽ പത്മക്ക്‌. മോഹൻലാലിന്റെ ഓണച്ചിത്രത്തിനുവേണ്ടി ജോഷി തിരഞ്ഞെടുത്തതും ഈ സുന്ദരിയെത്തന്നെ.

മോഹൻലാലിനൊപ്പം ആദ്യമായി ഒന്നിച്ച ‘വടക്കുംനാഥൻ’ ചർച്ചാവിഷയമായതിന്റെ സന്തോഷത്തിലാണ്‌ താരമിപ്പോൾ. മീര എന്ന നായിക, കഥാപാത്രമായി പക്വമായ പ്രകടനം കാഴ്‌ചവെച്ചത്‌ പത്മപ്രിയയുടെ നില ഭദ്രമാക്കിക്കഴിഞ്ഞു.

തമിഴിലും മികച്ച കഥാപാത്രങ്ങളെയാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. എം.എസ്‌.വസന്ത്‌ സംവിധാനം ചെയ്യുന്ന ‘സത്തംപോതെ’ പുറത്തിറങ്ങുന്നതോടെ തമിഴിൽ തന്റെ ഇമേജ്‌ മാറിമാറിയുമെന്നും പത്മ പ്രതീക്ഷിക്കുന്നു. പൃഥ്വിരാജും നിഥിനുമാണ്‌ ഈ ചിത്രത്തിലെ നായകർ.

ബ്ലെസിയുടെ ‘കാഴ്‌ചയി’ലൂടെ മലയാളത്തിലെത്തിയ എം.ബി.എ.ക്കാരി മലയാളി അല്ലെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാകും. മാതൃഭാഷയായ തമിഴിൽനിന്നു ലഭിക്കുന്നതിന്റെ പതിന്മടങ്ങ്‌ അംഗീകാരമാണ്‌ മലയാള സിനിമാലോകം ഈ സുന്ദരിക്ക്‌ നൽകുന്നത്‌.

മോഡലിംഗ്‌ രംഗത്തുനിന്നെത്തി സിനിമയിൽ ശ്രദ്ധേയരായ നടിമാർക്കിടയിൽ പത്മപ്രിയ എന്നും വ്യത്യസ്‌തയാണ്‌. ശരീര പ്രദർശനത്തിലൂടെ മറ്റുളളവർ ശ്രദ്ധ നേടിയപ്പോൾ, ഈ നടി അഭിനയമികവിലൂടെയാണ്‌ സിനിമയുടെ ഭാഗമായി മാറിയത്‌. ഇന്ത്യയിലെ മികച്ച ചിത്രങ്ങൾ രൂപംകൊളളുന്നത്‌ മലയാളത്തിലാണെന്ന കാര്യത്തിൽ തെല്ലും സംശയമില്ല താരത്തിന്‌.

Generated from archived content: cinema1_may30_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here