“അഞ്ചാതെ‘ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യുവതാരം നരേൻ തമിഴകത്ത് വിലയേറിയ നായകനായി ഉയർന്നിരിക്കുന്നു. തീയറ്ററുകളിൽ നൂറുദിവസം പിന്നിടുന്ന സിനിമയിലെ ഡാൻസ് നമ്പർ നരേന് ഏറെ പ്രശംസ നേടിക്കൊടുത്തു. നൃത്തരംഗത്ത് അത്ഭുതം സൃഷ്‌ടിക്കുന്ന ഇളയ ദളപതി വിജയ് തന്റെ നൃത്തച്ചുവടുകളെ അഭിനന്ദിച്ചതിൽ ഏറെ സന്തുഷ്‌ടനാണ് നരേൻ. മിഷ്‌കിൻ സംവിധാനം ചെയ്‌ത ’അഞ്ചാതെ‘യിൽ പോലീസ് ഓഫീസറായി തിളങ്ങിയ യുവതാരം പുതുതായി കരാർ ചെയ്യപ്പെട്ടതും ഒരു തമിഴ് പ്രോജക്‌ടിനു വേണ്ടി തന്നെ ’പൂക്കട രവി‘. ഈ ചിത്രത്തിലെ ടൈറ്റിൽ റോൾ നായകനെ കൂടുതൽ ശ്രദ്ധേയനാക്കിയേക്കും.
കമലിന്റെ ’മിന്നാമിന്നിക്കൂട്ടം‘ ആണ് നരേന്റെ പുതിയ മലയാള ചിത്രം. ഇന്ദ്രജിത്, ജയസൂര്യ എന്നിവരും താരനിരയിലുണ്ടെങ്കിലും നരേനാണ് പ്രധാന നായകൻ. അച്ചുവിന്റെ അമ്മക്കുശേഷം നരേൻ-മീരജാസ്‌മിൻ ജോഡി അണിനിരക്കുന്നു എന്ന നിലയിലും ഐ.ടി. പ്രൊഫഷണലുകളുടെ കഥ പറയുന്ന ചിത്രം ശ്രദ്ധയർഹിക്കുന്നു.
അമ്മച്ചിത്രം ’ട്വന്റി 20‘യിൽ നരേൻ സഹകരിക്കുന്നില്ല. അംഗത്വം നേടാൻ വൈകിയതാണ് പ്രോജക്‌ടിൽ നിന്നൊഴിവാകാൻ കാരണമായതെന്നാണ് താരം പറയുന്നത്.
Generated from archived content: cinema1_may26_08.html Author: cini_vision