സുദീർഘമായ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവിനു ശ്രമിക്കുന്ന കുഞ്ചാക്കോ ബോബന് കൈ നിറയെ ചിത്രങ്ങൾ. അൽപകാലം ചലച്ചിത്രലോകത്തുനിന്നു വിട്ടുനിന്ന ചാക്കോച്ചന്റെ നിർഭാഗ്യം മറ്റു പലരുടെയും ഭാഗ്യമാവുന്നതും മലയാളം കണ്ടു. ആരെയും പഴിക്കാതെ കാത്തുനിന്ന കുഞ്ചാക്കോയ്‌ക്ക് ഇപ്പോൾ നിന്നുതിരിയാൻ സമയമില്ല.
വി.കെ. പ്രകാശിന്റെ ‘ഗുലുമാലി’ലൂടെയായിരുന്നു ചാക്കോച്ചന്റെ രണ്ടാം വരവ്. അതിനുശേഷം ജിത്തു ജോസഫിന്റെ ‘മമ്മി ആൻഡ് മീ’ യാണ് റിലീസായത്. ഷാജി അസീസിന്റെ ‘ഒരിടത്തൊരു പോസ്‌റ്റ്‌മാൻ’ ജൂണിൽ തീയറ്ററുകളിലെത്തും. തമിഴ് സുപ്രീംസ്‌റ്റാർ ശരത്‌കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലുണ്ട്. പ്രശസ്‌ത സംവിധായകരുടെ ചിത്രീകരണം തുടങ്ങുന്ന മൾട്ടിസ്‌റ്റാർ ചിത്രങ്ങളിലും ചാക്കോച്ചന്റെ സാന്നിധ്യമുണ്ട്. ജയറാമിനും പൃഥിരാജിനുമൊപ്പം ഷാഫിയുടെ സംവിധാനത്തിൽ ‘മേക്കപ്പ്‌മാൻ’, ഇന്ദ്രജിത്തിനും ജയറാമിനും ജയസൂര്യയ്‌ക്കുമൊപ്പം ‘ഫോർ ഫ്രണ്ട്‌സ്, ശ്രീനിവാസനും വിനീത് ശ്രീനിവാസനുമൊപ്പം ’ട്രാഫിക്‘, ഇന്ദ്രജിത്തിനും ജയസൂര്യക്കുമൊപ്പം വി.കെ. പ്രകാശിന്റെ സംവിധാനത്തിൽ ’ത്രീ കിംഗ്‌സ്‘ എന്നീ ചിത്രങ്ങളിൽ കുഞ്ചാക്കോ നായകതുല്യവേഷങ്ങൾ കൈയാളുന്നു.
ലാൽ ജോസ്, കമൽ, തുളസീദാസ്, ഫാസിൽ, കുക്കു സുരേന്ദ്രൻ തുടങ്ങിയവരും കുഞ്ചാക്കോയെ നായകനാക്കി ഈ വർഷം തന്നെ ചിത്രങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
Generated from archived content: cinema1_may24_10.html Author: cini_vision