വിജയതാരജോഡിയാകാൻ ജയസൂര്യ-റോമ

മലയാളത്തിൽ പുത്തൻ താരജോഡിക്ക്‌ നിമിത്തമായിരിക്കുകയാണ്‌ ‘ഷേക്‌സ്‌പിയർ എം.എ. മലയാളം’ എന്ന സിനിമ. ഈ സിനിമയിലൂടെ ആദ്യമായി ജോഡി ചേർന്ന റോമയെയും ജയസൂര്യയെയും നായികാനായകൻമാരാക്കി മൂന്നു ചിത്രങ്ങളാണ്‌ അണിയറയിൽ ഒരുങ്ങുന്നത്‌. കമലിന്റെ ‘മിന്നിമിന്നിക്കൂട്ടം’, എം.പത്മസകുമാർ -മമ്മൂട്ടി ടീമിന്റെ ‘പരുന്ത്‌’, ഷാഫിയുടെ പുതിയ സിനിമ എന്നിവയിൽ ജയസൂര്യ-റോമ ജോഡി അണിനിരക്കുന്നുണ്ട്‌.

സൂപ്പർഹിറ്റ്‌ ചിത്രം ‘ചോക്ലേറ്റ്‌’ ആണ്‌ ജയസൂര്യയും റോമയും ഒന്നിച്ചഭിനയിച്ച ആദ്യചിത്രം. പക്ഷേ ഈ ക്യാമ്പസ്‌ ചിത്രത്തിൽ സംവൃതയും പൃഥ്വിരാജുമായിരുന്നു യഥാക്രമം ഇവരുടെ ജോഡിയായി പ്രത്യക്ഷപ്പെട്ടത്‌.

നാടകകൃത്തിന്റെ റോളിൽ ജയസൂര്യ എത്തുന്ന ‘ഷേക്‌സ്‌പിയർ എം.എ. മലയാള’ത്തിൽ ഗ്രാമീണസുന്ദരീവേഷമാണ്‌ റോമക്ക്‌. റോമ ഇത്തരം വേഷപ്പകർച്ചയിൽ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്‌ ഇതാദ്യം.

ഐ.ടി. പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ‘മിന്നാമിന്നിക്കൂട്ട’ത്തിലെ മാണിക്കുഞ്ഞിനെയും റോസ്‌മേരിയെയും ഉൾക്കൊണ്ടുവരികയാണ്‌ ജയസൂര്യയും റോമയും. പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഇവർ പ്രേക്ഷകരെ കീഴടക്കിയേക്കും.

മമ്മൂട്ടി-ലക്ഷ്‌മി റായ്‌ ജോഡി അണിനിരക്കുന്ന ‘പരുന്തി’ൽ ഉപനായകനും ഉപനായികയുമാണിവർ. ഷാഫിയുടെ പുതിയ ചിത്രത്തിൽ പൃഥ്വിരാജ്‌, കുഞ്ചാക്കോ ബോബൻ, മീരാ നന്ദൻ എന്നിവരും ജയസൂര്യ-റോമ ജോഡിയെ കൂടാതെ പ്രധാന റോളിലെത്തുന്നു.

Generated from archived content: cinema1_may17_08.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here