ഷാജി കൈലാസിന്റെ പുതിയ ചിത്രമായ ‘എസ്.പി’യിൽ പത്മപ്രിയ സുരേഷ് ഗോപിയുടെ നായികയാകുന്നു. ചുരുങ്ങിയ നാളുകൾക്കുളളിൽ മലയാളത്തിലെ സൂപ്പർതാരങ്ങളുടെയെല്ലാം നായികയാകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ഈ മറുനാടൻ സുന്ദരിക്ക്. കാഴ്‌ചയിൽ മമ്മൂട്ടിയുടെ നായികയായെത്തിയ പത്മപ്രിയ അമൃതത്തിൽ ജയറാമിന്റെയും വടക്കുംനാഥനിൽ മോഹൻലാലിന്റെയും ജോഡിയായി അഭിനയിച്ചു കഴിഞ്ഞു. മോഹൻലാലിന്റെ ‘മഹാസമുദ്ര’ത്തിലും പത്മ തന്നെയാണ് നായിക.
സുരേഷ് ഗോപി പോലീസ് വേഷങ്ങളിൽ ശക്തമായി തിരിച്ചുവരുന്ന എസ്.പിയിൽ ബിജു മേനോൻ, മനോജ്.കെ.ജയൻ, സിദ്ദിഖ്, സായ്‌കുമാർ എന്നിവരും പ്രധാന വേഷത്തിലുണ്ട്.
ബി.ഉണ്ണികൃഷ്‌ണന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം ‘ഇടിവെട്ട്’ പോലീസ് കഥയാണ് പറയുന്നതെന്നാണ് സംവിധായകന്റെ സാക്ഷ്യം. പോലീസ് യൂണിഫോമിലും അല്ലാതെയും ചിത്രത്തിൽ നിറഞ്ഞു നിൽക്കുക സുരേഷ് ഗോപി മാത്രമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകരും പറയുന്നത്.
Generated from archived content: cinema1_may12.html Author: cini_vision