തലമുതിർന്ന നായകരുടെ ജോഡിയായി അഭിനയിക്കാൻ താൽപര്യമില്ലെന്ന് യുവനായിക നിത്യാമേനോൻ തുറന്നടിച്ചത് ചലച്ചിത്രവൃത്തങ്ങളിൽ സംസാരവിഷയമാകുന്നു. യുവനായകർക്കൊപ്പം സഹകരിക്കുമ്പോൾ അഭിനയത്തിൽ അനായാസത കൈവരുന്നതായും സുന്ദരി ചൂണ്ടിക്കാണിക്കുന്നു. ടെൻഷനില്ലാതെ ജോലിചെയ്യാൻ കഴിയുന്നതും യുവതാര ചിത്രങ്ങളിലാണത്രേ.
നിത്യയുടെ അരങ്ങേറ്റം മോഹൻലാലിന്റെ നായികയായി ആകാശഗോപുരത്തിലൂടെയാണല്ലോ എന്നു ചോദിച്ചാലും സുന്ദരിക്ക് മറുപടിയുണ്ട്. പ്രായക്കൂടുതലുള്ള നായകനെ പ്രണയിക്കുന്ന റോളായിരുന്നു തന്റേതെന്ന്.
എന്തായാലും ഉറുമിയിലെ ചിറക്കൽ ബാല മലയാളത്തിൽ നിത്യയുടെ സ്വീകാര്യത വർധിപ്പിച്ചിരിക്കയാണ്. ജനീലിയ, വിദ്യാബാലൻ, തബു എന്നീ ബോളിവുഡ് സുന്ദരിമാരുടെ സാന്നിധ്യമുണ്ടായിട്ടും ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന എന്ന ഗാനരംഗത്തിലൂടെ നിത്യ പ്രേക്ഷകമനം കീഴടക്കുകയായിരുന്നു.
തമിഴ്-തെലുങ്ക് ഭാഷകളിലും ഈ നടിക്ക് തിരക്കേറുകയാണ്.
Generated from archived content: cinema1_may10_11.html Author: cini_vision