ഉർവശിയും ചന്ദ്രമതിയും ക്ലിക്ക്‌ഡ്‌

‘മധുചന്ദ്രലേഖ’യിലെ ചന്ദ്രമതി സിനിമാക്കാർക്കിടയിൽ ചർച്ചാവിഷയമായതോടെ ഉർവശിയെത്തേടി ഓഫറുകളുടെ പെരുമഴ. ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന കഥാപാത്രത്തെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ച്‌ വിജയിക്കാനായത്‌ 80-90 കളിൽ നിറഞ്ഞുനിന്ന നായികക്ക്‌ നേട്ടമായിരിക്കുകയാണ്‌. നായകനടൻ ജയറാമിനൊപ്പം മത്സരാഭിനയം കാഴ്‌ചവച്ചാണ്‌ ഉർവശി വീണ്ടും പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്‌. മുറുക്കിചുവപ്പിച്ച ചുണ്ടുകളുമായി, പരിഷ്‌കാരം തീണ്ടാത്ത വീട്ടമ്മയായി എത്തുന്ന ഉർവശിയുടെ സ്‌ക്രീൻപ്രസൻസ്‌ തന്നെയാണ്‌ ചിത്രത്തെ വിജയത്തിലേക്ക്‌ നയിക്കുന്ന പ്രധാനഘടകം.

സത്യൻ അന്തിക്കാടിന്റെ ‘അച്ചുവിന്റെ അമ്മ’യിൽ മീരാജാസ്‌മിന്റെ അമ്മയായാണ്‌ നീണ്ട ഇടവേളക്കുശേഷം ഉർവശി മലയാളത്തിലെത്തിയത്‌. ചിത്രം വൻ ഹിറ്റായതോടെ അത്തരം റോളുകളാണ്‌ പിന്നീട്‌ ലഭിച്ചത്‌. മമ്മൂട്ടിയുടെയും മോഹൻലാലിന്റെ സിനിമകളിലേക്കും ക്ഷണമുണ്ടായിരുന്നു. അപ്രധാന വേഷമായതുകൊണ്ട്‌ അവയൊക്കെ നായിക നിരസിച്ചു. ശ്രദ്ധേയമായ കഥാപാത്രം ലഭിച്ചാൽ മാത്രമേ ഇനി മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടൂ-ഉർവശി നയം വ്യക്തമാക്കുന്നു.

പ്രതിനായികയാകാൻ മടിയില്ലാത്ത ഈ താരത്തിന്‌ ദക്ഷിണേന്ത്യൻ ഭാഷകളിൽ എന്നും ഡിമാന്റാണ്‌. കന്നഡത്തിലും തമിഴിലും ഹ്യൂമർ ടച്ചുളള നായികാവേഷങ്ങൾക്ക്‌ ഇപ്പോഴും പരിഗണിക്കപ്പെടുന്നത്‌ ഉർവശിയാണ്‌.

വിവാഹിതയും അമ്മയുമായ ഒരു നായികയുടെ ക്രെഡിറ്റിൽ ചിത്രം വിജയിക്കുന്നത്‌ മലയാളത്തിൽ അപൂർവമാണ്‌. ‘മധുചന്ദ്രലേഖ’യുടെ വിജയം വിരൽ ചൂണ്ടുന്നതും ഇതിലേക്കാണ്‌.

Generated from archived content: cinema1_mar30_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here