കഥാമോഷണത്തിൽ നിന്നും സംഗീതമോഷണത്തിലേക്ക്‌

ബോളിവുഡിൽ ഒന്നാംനിരക്കാരനായി വിലസുന്ന പ്രിയദർശൻ സംഗീതമോഷണം പ്രമേയമാക്കി സിനിമയൊരുക്കുന്നു. ‘പൈറേറ്റ്‌സ്‌’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളെയാണ്‌ പ്രിയൻ അണിനിരത്തുന്നത്‌. ചൂഷണം ചെയ്യപ്പെടുന്ന സംഗീതജ്ഞരായ ഒരുകൂട്ടം യുവാക്കളുടെ കഥയാണ്‌ ചിത്രത്തിനാധാരം. സഹാറവൺ മോഷൻ പിക്‌ചേഴ്‌സും പെർസെപ്‌ട്‌ പിക്‌ചർ കമ്പനിയും ചേർന്ന്‌ നിർമ്മിക്കുന്ന സിനിമ വ്യത്യസ്‌തമായൊരു അനുഭവമാകും പ്രേക്ഷകർക്ക്‌ സമ്മാനിക്കുക.

സ്വദേശ-വിദേശ ചിത്രങ്ങളിൽ നിന്നും സ്വാധീനമുൾക്കൊണ്ട്‌ പുതുപുതു സൃഷ്‌ടികൾ ഒരുക്കിക്കൊണ്ടിരിക്കുന്ന പ്രിയൻ തന്നെ സംഗീതമോഷണം വിഷയമാക്കുന്നത്‌ പ്രേക്ഷകർ തെല്ലൊരു കൗതുകത്തോടെയാണ്‌ നോക്കിക്കാണുന്നത്‌. മലയാളത്തിലെ മിക്കവാറും എല്ലാ സൂപ്പർഹിറ്റ്‌ ചിത്രങ്ങളും പ്രിയൻ ഇതിനകം ഹിന്ദി-തമിഴ്‌ ഭാഷകളിൽ പറിച്ചുനട്ടുകഴിഞ്ഞു.

പ്രിയന്റെ ആദ്യകാല മലയാള ചിത്രങ്ങളെല്ലാം ശ്രദ്ധേയമായ ഹോളിവുഡ്‌ ചിത്രങ്ങളുടെ ആശയം കടമെടുത്തവയായിരുന്നു. ‘വൺ ഫ്‌ളൂ ഓവർ ദി കുക്കൂസ്‌ നെസ്‌റ്റ്‌’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്‌ പ്രിയന്റെ എന്നത്തേയും മികച്ച സിനിമയായ ‘താളവട്ടം’ പിറന്നത്‌. പ്രിയൻ ഇംഗ്ലീഷിൽ നിന്ന്‌ കടമെടുത്ത ‘ബോയിംഗ്‌ ബോയിംഗ്‌’ ബോളിവുഡിൽ ‘ഗരംമസാല’യായപ്പോഴും പ്രേക്ഷകപ്രീതി കുറഞ്ഞില്ല.

പ്രിയൻ ചിത്രങ്ങൾ സംഗീതമോഷണത്തിന്റെ പേരിലും വിവാദം സൃഷ്‌ടിച്ചിട്ടുണ്ട്‌. ‘തേന്മാവിൻ കൊമ്പത്ത്‌’ എന്ന ചിത്രത്തിൽ സുജാത പാടിയ ‘എന്റെ മനസ്സിലൊരു നാണം…’ പങ്കജ്‌ മല്ലിക്കിന്റെ പ്രശസ്‌ത ഗാനത്തിന്റെ തനിപ്പകർപ്പായിരുന്നു. ‘തേന്മാവിൻ കൊമ്പത്തിലെ’ ഗാനങ്ങൾക്ക്‌ ഈണം പകർന്ന ബേണി ഇഗ്നേഷ്യസ്‌ ജോഡിക്ക്‌ സംസ്ഥാന അവാർഡ്‌ നൽകിയതിനെ തുടർന്നാണ്‌ വിവാദം ശക്തമായത്‌. സംഗീത മോഷണത്തിന്‌ അവാർഡ്‌ നൽകിയതിൽ പ്രതിഷേധിച്ച്‌ പ്രശസ്‌ത സംഗീതജ്ഞൻ ജി.ദേവരാജൻ തനിക്കു ലഭിച്ച സംസ്ഥാന പുരസ്‌കാരങ്ങൾ സർക്കാരിന്‌ തിരിച്ചേൽപ്പിക്കാൻ വരെ തയ്യാറായി.

Generated from archived content: cinema1_mar15_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here