മംമ്‌തയുടെ പാട്ട്‌, പൃഥ്വിയുടെയും

നായികാനായകന്മാരുടെ പാട്ട്‌ കൂടി ഉൾപ്പെടുത്തി മൂന്നാമൂഴം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സംവിധായകൻ അമൽനീരദ്‌. തീവ്രവാദത്തിന്റെ പശ്ചാത്തലത്തിൽ ഇതൾവിരിയുന്ന ‘അൻവർ’ പൃഥ്വിരാജ്‌, മംമ്‌ത മോഹൻദാസ്‌ എന്നിവരുടെ പാടാനുള്ള കഴിവുകൂടി പ്രയോജനപ്പെടുത്തുന്നു. റഫീക്‌ അഹമ്മദ്‌ എഴുതി ഗോപീസുന്ദർ ഈണം പകർന്ന യുഗ്‌മ ഗാനമാണ്‌ പൃഥ്വിയും മംമതയും ആലപിക്കുന്നത്‌. റാപ്പ്‌ ഗണത്തിൽപ്പെടുത്താവുന്ന ഗാനം മലയാളം ഏറ്റുപാടുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. മംമതയുടെ ഭാഗം റെക്കോർഡ്‌ ചെയ്‌തുകഴിഞ്ഞു. ഇനി പൃഥ്വികൂടി പാടിയാൽ യുഗ്‌മഗാനം പൂർണതയിലെത്തും.

പൃഥ്വിയും മംമ്‌തയും സ്വന്തം പാട്ടിനൊത്ത്‌ ചുണ്ടുകൾ ചലിപ്പിക്കുന്ന ‘അൻവറി’ലെ ഗാനരംഗം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. ഇവരെകൂടാതെ ലാൽ, പ്രകാശ്‌രാജ്‌, സായ്‌കുമാർ, സലീംകുമാർ, ഗീത തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രശസ്‌ത സംഗിതസംവിധായകൻ ദേവിശ്രീ പ്രസാദിന്റെ ശിക്ഷണത്തിലാണ്‌ മംമത മോഹൻദാസ്‌ ആദ്യമായി പിന്നണിപാടിയത്‌. ഇതിനകം തെലുങ്കിലും തമിഴിലും മുൻനിര പിന്നണിഗായികമാർക്കിടയിൽ സ്‌ഥാനംപിടിച്ച സുന്ദരിക്ക്‌ പക്ഷേ, മാതൃഭാഷയിൽ പാടാൻ കാത്തിരിക്കേണ്ടിവന്നു. ഹിന്ദുസ്‌ഥാനി-കർണാടക സംഗീതശാഖകളിൽ പ്രാവീണ്യം നേടിയ മംമ്‌തക്ക്‌ അടിപൊളി പാട്ടുകൾ പാടാനാണ്‌ ഇതുവരെയും അവസരം ലഭിച്ചത്‌. വില്ലിലെ ‘ഡാഡി മമ്മി…….’ തമിഴ്‌നാട്ടിനേക്കാൾ പോപ്പുലറായത്‌ കേരളത്തിലാണ്‌. അൻവറിലെ ഗാനവും ഈ ജനുസിൽപ്പെടുന്നു.

യുവസംഗീത സംവിധായകൻ ദീപക്‌ ദേവാണ്‌ പൃഥ്വിയിലെ ഗായകനെ പുറത്തുകൊണ്ടുവന്നത്‌. ‘പുതിയമുഖ’ത്തിനു വേണ്ടി ദീപക്‌ ചിട്ടപ്പെടുത്തിയ ടൈറ്റിൽ സോംഗ്‌ പുതുമുഖ പിന്നണിഗായകന്റെ അറപ്പില്ലാതെയാണ്‌ പൃഥ്വി പാടിഫലിപ്പിച്ചത്‌.

Generated from archived content: cinema1_mar11_10.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here