ചിത്രീകരണം തുടങ്ങുന്നതിനുമുമ്പേ ‘രാപ്പകലി’ലെ കഥാപാത്രങ്ങൾ വാർത്താപ്രാധാന്യം നേടിയിരുന്നു. പ്രത്യേകിച്ച് സ്‌ത്രീകഥാപാത്രങ്ങൾ. മമ്മൂട്ടിയുടെ നായികമാരാരാകുമെന്നതും അനിശ്ചിതത്വത്തിന് വഴിതെളിച്ചിരുന്നു. ഒടുവിൽ ഗീതുമോഹൻദാസിനെയും നയൻതാരയെയും നായികമാരായി കമൽ തിരഞ്ഞെടുത്തു. ഗ്ലാമർ പ്രദർശനത്തിലൂടെ ദക്ഷിണേന്ത്യ മുഴുവൻ കീഴടക്കിയ നയൻതാര ‘രാപ്പകലി’ൽ വാല്യക്കാരിയുടെ വേഷത്തിൽ ഒട്ടും ഗ്ലാമറല്ലാതെയാണ് പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയുമൊന്നിച്ച് കോമ്പിനേഷൻ സീനുകൾ കൂടുതലുളളതും നയനുതന്നെ. ഈശ്വരമംഗലം കോവിലകത്തെ വിദ്യാസമ്പന്നയായ ജോലിക്കാരി ഗൗരി വിസ്‌മയത്തുമ്പിനുശേഷം നയൻതാരക്കു ലഭിക്കുന്ന മികച്ച കഥാപാത്രമാണ്.
കുറച്ചുനാളായി ഗീതുമോഹൻദാസിനെ തേടി മികച്ച കഥാപാത്രങ്ങൾ മാത്രമാണ് എത്തുന്നത്. ഈശ്വരമംഗലം കോവിലകത്തെ ഇളമുറക്കാരിയും എഴുത്തുകാരിയുമായ മാളുവിനെയാണ് സ്വാഭാവികമായ ഭാവചലനങ്ങളിലൂടെ ഗീതുവിന് ഉൾക്കൊളേളണ്ടത്. വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയെ അനുസ്‌മരിപ്പിക്കുന്ന കഥാപാത്രമാണ് മാളു. നായികമാരുടെ അഭിനയ മത്സരത്തിന് വേദിയാകുകയാണ് ഈ കമൽ-മമ്മൂട്ടി ചിത്രം. ഒരു പാട്ടുസീൻ കൂടി ചിത്രീകരിച്ചാൽ രാപ്പകൽ പൂർത്തിയാകും.
Generated from archived content: cinema1_june8.html Author: cini_vision