ഷാജി എൻ.കരുണിന്റെ മമ്മൂട്ടി ചിത്രത്തിൽ മൂന്നു നായികമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ വീണ്ടും അന്തർദേശീയ തലത്തിൽ ശ്രദ്ധനേടാനാകുമെന്ന പ്രതീക്ഷയിലാണ് പത്മപ്രിയ. വേട്ടയാട് വിളയാട് ഫെയിം കമാലിനി മുഖർജി, ശ്രീലങ്കൻതാരം മീരാകുമാരി എന്നിവരോടാണ് പത്മപ്രിയക്ക് ഈ ചിത്രത്തിൽ മത്സരിക്കേണ്ടത്. ‘കുട്ടിസ്രാങ്ക്’ ആയി ടൈറ്റിൽറോളിൽ സൂപ്പർതാരം മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ചിത്രം മൂന്നു നായികമാർക്കും തുല്യപ്രാധാന്യം നൽകുന്നുണ്ടെങ്കിലും പത്മപ്രിയക്കായിരിക്കും മേൽക്കൈ എന്നറിയുന്നു. ബോട്ട്‌ഡ്രൈവറായ മമ്മൂട്ടിയുടെ കഥാപാത്രം പരിചയപ്പെടുന്ന വ്യത്യസ്‌ത ജീവിതസാഹചര്യങ്ങളിലുളള മൂന്നു സ്‌ത്രീകളെ ഷാജി ശ്രദ്ധയോടെയാണ് വരച്ചിട്ടിട്ടുളളത്.
അടൂർ ഗോപാലകൃഷ്‌ണൻ അടക്കമുളള പ്രഗത്ഭരുടെ ചിത്രങ്ങളിൽ ഇതിനകം സഹകരിച്ചുകഴിഞ്ഞ പത്മപ്രിയക്ക് ഏറെ പ്രതീക്ഷ നൽകുന്ന പ്രൊജക്‌ടുകളാണ് ഷാജി എൻ.കരുണിന്റെ ‘കുട്ടിസ്രാങ്കും’ ഹരിഹരൻ-എം.ടി. ടീമിന്റെ ‘പഴശ്ശരാജ’യും.
Generated from archived content: cinema1_june18_08.html Author: cini_vision