തമാശ കലർന്ന രംഗങ്ങളിലൂടെ കടന്നുപോകുന്ന സീരിയസ് കഥാപാത്രത്തെ വിജയിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് യുവതാരം ഇന്ദ്രജിത്ത്. വിനു ആനന്ദ് സംവിധാനം ചെയ്യുന്ന ‘ഹാർട്ട്‌ബീറ്റ്‌സ്’ ഏറെ പ്രത്യേകതകളുള്ള ചിത്രമാണെന്ന് ഇന്ദ്രൻ പറയുന്നു. ‘ഒരുവനി’ലും മികച്ച കഥാപാത്രത്തെയാണ് വിനു യുവനായകന് നൽകിയത്. ഈ മാസം റിലീസിംഗ് പ്രതീക്ഷിക്കുന്ന ‘ഹാർട്ട്‌ബീറ്റ്‌സി’ൽ താരറാണി സിമ്രാൻ നായികയായി എത്തുന്നു. ഈയാഴ്‌ച ഇന്ദ്രജിത്തിന്റേതായി തിയേറ്ററുകളിലെത്തുന്നത് ലാൽ ജോസ് ചിത്രം ‘അറബിക്കഥ’യാണ്. ഇതേ സംവിധായകന്റെ ഹിറ്റ് സിനിമ ‘ക്ലാസ്‌മേറ്റ്‌സി’ലും ഏറെ ശ്രദ്ധിക്കപ്പെടുന്ന റോളായിരുന്നു.
ബ്ലെസിയുടെ ‘കൽക്കട്ടാ ന്യൂസ്’ ആണ് ഇന്ദ്രൻ തുടർന്ന് സഹകരിക്കുന്ന ചിത്രം. പൂർണമായും കൽക്കട്ടയിൽ ചിത്രീകരിക്കുന്ന സിനിമയിലൂടെ ദിലീപ്-മീരാജാസ്മിൻ ജോഡി വീണ്ടും അണിനിരക്കുകയാണ്.
‘ഛോട്ടാ മുംബൈ’യിൽ മോഹൻലാലിന്റെ സുഹൃത്തായി ശ്രദ്ധനേടിയ ഇന്ദ്രജിത്ത് മമ്മൂട്ടിക്കൊപ്പവും ഒന്നിലധികം ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്. ‘റോഡ് ടു ദി സ്‌കൈ’ എന്ന ഇംഗ്ലീഷ് ചിത്രം പൂർത്തിയാക്കിക്കഴിഞ്ഞ ഇന്ദ്രജിത്ത് ഇമേജിൽ കുരുങ്ങാത്ത അപൂർവ്വം യുവനായകരിൽ ഒരാളാണ്.
Generated from archived content: cinema1_july11_07.html Author: cini_vision