മോഹൻലാലും മീരാ ജാസ്‌മിനും ജോഡി ചേരുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന് ‘രസതന്ത്രം’ എന്നു പേരിട്ടു. ചിത്രീകരണം പൂർത്തിയാകുമ്പോൾ സിനിമയുടെ പേര് വീണ്ടും മാറിമറിയാനുളള സാധ്യതയും ചെറുതല്ല. സത്യൻ ചിത്രങ്ങളുടെ നാമകരണം അകാരണമായി വൈകുന്നത് പതിവു കാഴ്‌ചയാണെന്നാണ് ചലച്ചിത്ര പ്രവർത്തകർക്കിടയിലെ സംസാരം. ‘രസതന്ത്രം’ റിലീസ് ചെയ്യുമ്പോൾ മറ്റൊരു പേരിലാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജീവസന്ധാരണത്തിനായി ആശാരിയാകേണ്ടി വരുന്ന പ്രേമചന്ദ്രന്റെ കഥയാണ് കലർപ്പില്ലാതെ സത്യൻ പറയുന്നത്. പ്രേമചന്ദ്രന്റെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കൺമണി എന്ന ഗ്രാമീണ സുന്ദരിയുടെ വേഷമാണ് മീരക്ക്. അല്പനേരം ആൺവേഷത്തിലും മീര പ്രത്യക്ഷപ്പെടുന്നുണ്ട്. വീട്ടുവേലക്കാരി കൺമണി മീരയുടെ അഭിനയമികവിന്റെ മാറ്റുരക്കാൻ പര്യാപ്‌തമായ കഥാപാത്രമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സംവിധായകന്റേതു തന്നെയാണ്. ഇന്നസെന്റ്, മാമുക്കോയ, ഗോപി, ബിന്ദുപണിക്കർ, കെ.പി.എ.സി. ലളിത, മുത്തുമണി എന്നിവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
സെൻട്രൽ പിക്‌ചേഴ്‌സ് ഏപ്രിൽ ഏഴിന് ‘രസതന്ത്രം’ തിയേറ്ററുകളിലെത്തിക്കും.
Generated from archived content: cinema1_feb22_06.html Author: cini_vision