ദിലീപിനെ നായകനാക്കി സിദ്ധിക്ക് ഒരുക്കുന്ന ‘ബോഡിഗാർഡി’ൽ നായിക നയൻതാര. ദിലീപിന്റെ പത്‌നിയും നടിയുമായ മഞ്ജു വാര്യർ ഈ ചിത്രത്തിൽ നായികയാകുമെന്നയിരുന്നു നേരത്തെ വാർത്ത പ്രചരിച്ചിരുന്നത്. ക്രോണിക് ബാച്ചിലറിനുശേഷം സിദ്ധിക്ക് കഥയും തിരക്കതയുമെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് തൊട്ടുമുമ്പാണ് നയൻതാരയെ നായികയായി നിശ്ചയിച്ചത്. ദിലീപിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതൊക്കെയും നൽകാനുള്ള ശ്രമത്തിലാണ് സിദ്ധിക്ക്. കോമഡിക്കും ആക്‌ഷനും തുല്യപ്രാധാന്യം നൽകി ഒരുക്കുന്ന ബോഡിഗാർഡിന്റെ ഹൈലൈറ്റ് ഔസേപ്പച്ചൻ ഈണം പകരന്ന നാല് ഗാനങ്ങളായിരിക്കും. ജോണി സാഗരികയാണ് നിർമാതാവ്.
രാപ്പകൽ, തസ്‌ക്കരവീരൻ എന്നീ മമ്മൂട്ടി ചിത്രങ്ങളിൽ നായികയായ ശേഷം നയൻതാര പിന്നീട് മാതൃഭാഷയിൽ നിന്നെത്തിയ ഓഫറുകളെല്ലാം നിരാകരിക്കുകയായിരുന്നു. തമിഴ് – തെലുങ്ക് സിനിമകളിൽ വിലയേറിയ താരമായി ഉയർന്ന നയനെ ‘താങ്ങാൻ’ കഴിയാതെ നിർമ്മാതാക്കൾ പിന്തിരിയുകയായിരുന്നുവെന്നും വാർത്തകളുണ്ടായിരുന്നു.
ജയറാമിന്റെ ജോഡിയായി ‘മനസ്സിനക്കരെ’യിലൂടെ രംഗത്തുവന്ന നയൻതാര ചുരുങ്ങിയ കാലയളവിനുള്ളിൽ മമ്മൂട്ടിയുടെയും, മോഹൻലാലിന്റെയും നായികയായെങ്കിലും ദിലീപ് ചിത്രങ്ങളിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. ‘ട്വന്റി 20’യിൽ ഗാനരംഗത്ത് മാത്രം പ്രത്യക്ഷപ്പെട്ടത് നയൻസിന്റെ തിരിച്ചുവരവിന് നിമിത്തമാവുകയായിരുന്നു.
Generated from archived content: cinema1_dec16_08.html Author: cini_vision